എകെജി സെന്റർ ആക്രമണം; എങ്ങുമെത്താതെ അന്വേഷണം

എകെജി സെന്ററിനു നേരെ ആക്രമണം നടത്തി ഒരാഴ്ച്ച ആയിട്ടും അന്വേഷണം പെരുവഴിയിൽ. സിസിടിവി ദൃശ്യങ്ങൾ വിട്ട് സ്‌കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷിച്ചിട്ടും അക്രമിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എറിഞ്ഞത് സ്ഫോടക ശേഷി കുറഞ്ഞ ഏറുപടക്കം പോലുള്ള വസ്തുവെന്ന പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് സിപിഐഎമ്മിന് തിരിച്ചടിയായി. (AKG centre attack investigation)
പ്രത്യേക സംഘം പലവഴിക്ക് അന്വേഷിച്ചിട്ടും അക്രമി കാണാമറയത്താണ്. ആഭ്യന്തര വകുപ്പിനും, പൊലീസിനും ഒരുപോലെ തലവേദനയാവുകയാണ് എകെജി സെന്ററിന് നേരെയുള്ള ആക്രമണം. സിസിടിവി ദൃശ്യങ്ങളിൽ പ്രതീക്ഷ അവസാനിച്ചതോടെ അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്റെ മോഡൽ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സമാന മോഡൽ സ്കൂട്ടറിൽ അന്നേ ദിവസം എകെജി സെന്റർ പരിസരത്ത് വന്നവരെയെല്ലാം കണ്ടെത്തുകയാണ് പൊലീസ് നടത്തുന്നത്. എന്നാൽ അതും പാതിവഴിക്കാണ്.
നടന്നത് ബോംബാക്രമണമെന്ന ഇടത് നേതാക്കളുടെ അവകാശ വാദം ഇന്നലെ പൊളിഞ്ഞു. വലിയ ശബ്ദമോ, നാശമോ വിതയ്ക്കാൻ സാധിക്കാത്ത ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവാണ് എറിഞ്ഞതെന്ന ഫോറൻസിക് റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നു. വീര്യം കൂട്ടുന്ന രാസവസ്തുക്കളൊന്നും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്നെ അന്വേഷണത്തിൽ സാവകാശം കൊടുത്തതിനാൽ അന്വേഷണം കൃത്യമായി നടത്തുകയാണെന്നാണ് പ്രത്യേക സംഘത്തിന്റെ വാദം.
സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുകയാണ്. എകെജി സെന്റിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
പ്രധാന റോഡില്‍നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്‌ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്‌കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനില്‍നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്.
സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി നഗരത്തില്‍ തന്നെയുണ്ടെന്നാണു സൂചന. ലഭ്യമായ സിസിടിവി ദൃശ്യം അനുസരിച്ച്, പ്രതി ആദ്യം ബൈക്കില്‍ സ്ഥലം നിരീക്ഷിച്ചു മടങ്ങിപ്പോകുന്നതു കാണാം. പിന്നീടു തിരിച്ചുവന്നാണു സ്‌ഫോടക വസ്തു എറിയുന്നത്. സ്‌ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചയാളാണെന്ന സംശയം പൊലീസിനുണ്ട്.
Story Highlights: AKG centre attack investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here