കെ ഫോണുമായി സർക്കാർ മുന്നോട്ട്; പഠനം നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി

കെ ഫോൺ പദ്ധതിയുടെ സാമ്പത്തികവശത്തയും നടത്തിപ്പ് രീതിയെയും കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ലാഭകരമായി പദ്ധതി നടപ്പാക്കുന്നതെങ്ങനെയെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതി കിട്ടിയതിന് പിന്നാലെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സര്‍വ്വീസ് പ്രൊവൈഡറിന് അപ്പുറം ഇന്റര്‍നെറ്റ് സേവനം നൽകുന്ന സ്ഥാപനമായി കെ ഫോണിനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഐ.എസ്.പി ലൈസൻസിന് സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര ടെലികോം മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. ഒരാഴ്ചക്കകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ( K Phone; five-member committee to conduct the study )
പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നതെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പദ്ധതിക്ക് ലൈസൻസ് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നൽകുമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
Read Also: കെ ഫോൺ പദ്ധതി കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദൽ; ആര്യ രാജേന്ദ്രൻ
കെ ഫോൺ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ലഭിച്ചതോടെ രാജ്യത്തിനാകെ മാതൃകയാകുന്ന മറ്റൊരു പദ്ധതി കൂടി കേരളം ഇന്ത്യക്ക് മുന്നിൽ സമർപ്പിക്കാൻ പോവുകയാണ്. പ്രവർത്തനാനുമതി ആയതോടെ പദ്ധതിക്കുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസും ഏറെ വൈകാതെ ലഭ്യമാവും. പദ്ധതിക്ക് ലൈസൻസ് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നൽകുമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണ്.
എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ലഭ്യമാക്കുന്ന പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നത്. കേരളമാണ് ബദൽ എന്ന പ്രഖ്യാപനം ഒരിക്കൽ കൂടി ഇന്ത്യയിലാകെ മുഴങ്ങുമ്പോൾ ഇൻ്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഈ നാട് രണ്ടാം പിണറായി സർക്കാരിന് കീഴിൽ ഇനിയുമേറെ ദൂരം പോകുമെന്ന ഉറപ്പ് കൂടി നൽകുകയാണ്.
കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രെജിസ്ട്രേഷൻ ലഭിച്ചതോടെ കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ടാകും. – മന്ത്രി പി. രാജീവ് അറിയിച്ചു.
Story Highlights: K Phone; five-member committee to conduct the study
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here