Advertisement

വി.ഡി.സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍

July 9, 2022
Google News 3 minutes Read
vd satheesan rss venue

വി.ഡി.സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍. ഫേസ്ബുക്കിലാണ് പഴ ചിത്രങ്ങള്‍ പങ്കിട്ടത്. 2013 മാര്‍ച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ് ചിത്രം. സതീശന്‍ ഇപ്പോള്‍ ആര്‍ക്ക് വേണ്ടി വേഷം കെട്ടുന്നുവെന്നും സദാനന്ദന്‍ മാസ്റ്റര്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചോദിച്ചു ( vd satheesan rss venue ).

അന്ന് നടന്ന പരിപാടിയില്‍ വിശിഷ്ടാതിഥികളില്‍ പ്രഥമഗണനീയന്‍ എംഎല്‍എ മാത്രമായിരുന്ന വി.ഡി.സതീശനായിരുന്നു. ആര്‍എസ്എസ് പ്രചാരകനായ ജെ.നന്ദകുമാര്‍, അന്നത്തെ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി ആര്‍എസ്എസ് പ്രചാരകന്‍ കാ ഭാ സുരേന്ദ്രന്‍ തുടങ്ങിയ ആര്‍എസ്എസ് പ്രമുഖരും വേദിയിലുണ്ടായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്നത്തെ നമ്മുടെ പ്രതിപക്ഷ നേതാവ് ഇരുപത് മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിനിടയില്‍ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും സാത്വിക പ്രതിഭയായ പരമേശ്വര്‍ജിയെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചു. കൂട്ടത്തില്‍ കപട മതേതരത്വത്തെക്കുറിച്ച് ചെറുതായൊന്ന് തോണ്ടാനും മറന്നില്ല. സതീശന്റെ ആത്മാവിഷ്‌ക്കാരമായി പുറത്തു വന്ന വാക്കുകള്‍ കേട്ട് ഞങ്ങളൊക്കെ ഏറെ സന്തോഷിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ ചടങ്ങില്‍ സതീശന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങിയതെന്തിനായിരുന്നു. കേസരി വാരികയുടെ ചടങ്ങില്‍ ജെ.നന്ദകുമാറിനൊപ്പം പങ്കെടുത്ത ലീഗ് നേതാവ് കെ.എന്‍.എ ഖാദറിനെ പുലഭ്യം പറഞ്ഞവരുടെ കൂട്ടത്തിലും സതീശന്‍ മുന്നിലുണ്ടായിരുന്നു. സതീശന് ‘വെറുക്കപ്പെട്ട’ സംഘടനയായ ആര്‍എസ്എസും വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധമറിയാമായിരുന്നില്ലേ…? എന്തിനു വേണ്ടിയാണ് ഇവരീ വേഷം കെട്ടുന്നത്. എന്തിനാണീ ആത്മവഞ്ചന. നിങ്ങളൊക്കെ എന്നാണ് ആര്‍എസ്എസിനെ ശരിയായി മനസിലാക്കുക? അതോ മനസിലായിട്ടും മറ്റു പലതിനും വേണ്ടി പൊട്ടന്‍ കളിക്കുകയാണോയെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് ശ്രീ വി.ഡി. സതീശൻ

നമ്മുടെ പ്രതിപക്ഷ നേതാവ്…..

ചില ഓർമ്മച്ചിത്രങ്ങൾ ഇവിടെ പങ്കുവെയ്ക്കട്ടെ…. ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാൻ ഉപകരിക്കും. അതു കൊണ്ടു മാത്രം.

2013 മാർച്ച് 24ന് തൃശൂർ എലൈറ്റ് ഇൻ്റർനാഷണലിൽ വെച്ചു നടന്ന പ്രൗഢമായ ഒരു ചടങ്ങ്. സംഘാടകർ വൈചാരിക രംഗത്ത് പ്രവർത്തിക്കുന്ന RSS ൻ്റെ അനുബന്ധ പ്രസ്ഥാനമായ പ്രജ്ഞാ പ്രവാഹിൻ്റെ കേരള ഘടകമായ ഭാരതീയ വിചാരകേന്ദ്രം, തൃശൂർ ജില്ലാ കമ്മറ്റി. (അന്ന് ഞാൻ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി എന്ന ചുമതലയിലായിരുന്നു). RSS ൻ്റെ വരിഷ്ഠ പ്രചാരകനും ഹിന്ദുത്വ ദേശീയാദർശങ്ങളുടെ ഉജ്വല വക്താവുമായിരുന്ന സ്വർഗീയ പരമേശ്വർജി സമ്പാദനം നിർവഹിച്ച ‘സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും’ എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനച്ചടങ്ങായിരുന്നു അത്. വിചാര കേന്ദ്രത്തിൻ്റെ ജില്ലാ സമ്മേളനവും. ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികളിൽ പ്രഥമഗണനീയൻ അന്ന് MLA മാത്രമായിരുന്ന ശ്രീ വി.ഡി.സതീശനായിരുന്നു. RSS പ്രചാരകനായ ശ്രീ ജെ.നന്ദകുമാർ, അന്നത്തെ വിചാരകേന്ദ്രം സംഘടനാ കാര്യദർശി RSS പ്രചാരകൻ ശ്രീ കാ ഭാ സുരേന്ദ്രൻ, സാഹിത്യ സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖരായ സ്വാമി സദ്ഭവാനന്ദജി, ശ്രീ ആഷാ മേനോൻ, ഡോ. ലക്ഷ്മീകുമാരി, ഡോ. സുമംഗല, വിചാര കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് ഡോ. എം.മോഹൻദാസ് തുടങ്ങിയവരൊക്കെ വേദിയിലുണ്ടായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്നത്തെ നമ്മുടെ പ്രതിപക്ഷ നേതാവ് ഇരുപത് മിനിറ്റോളം നീണ്ട തൻ്റെ പ്രസംഗത്തിനിടയിൽ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദർശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും സാത്വിക പ്രതിഭയായ പരമേശ്വർജിയെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചു. കൂട്ടത്തിൽ കപട മതേതരത്വത്തെക്കുറിച്ച് ചെറുതായൊന്ന് തോണ്ടാനും മറന്നില്ല. സതീശൻ്റെ ആത്മാവിഷ്ക്കാരമായി പുറത്തു വന്ന വാക്കുകൾ കേട്ട് ഞങ്ങളൊക്കെ ഏറെ സന്തോഷിച്ചു!

എന്തുകൊണ്ട് ഇതിപ്പോൾ എന്ന തോന്നലുണ്ടാകാം. ഇപ്പോഴാണിത് വേണ്ടത്. സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ, രാഷ്ട്ര വിരുദ്ധ പ്രസംഗത്തെ സതീശൻ താരതമ്യപ്പെടുത്തുന്നത് പൂജനീയ ഗുരുജിയുടെ പരാമർശങ്ങളോടാണ്. ശ്രീ ഗുരുജിയുടെ വിചാരധാരയോടാണ്. ഇത്രമേൽ ദേശദ്രോഹമാണ് ഗുരുജിയുടെ ചിന്തകളെങ്കിൽ ആ മഹാമനീഷി പ്രചരിപ്പിച്ച ദർശനങ്ങൾ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഭാരതീയ വിചാര കേന്ദ്രത്തിൻ്റെ ചടങ്ങിൽ സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങിയതെന്തിന്? കേസരി വാരികയുടെ ചടങ്ങിൽ ജെ. നന്ദകുമാറിനൊപ്പം പങ്കെടുത്ത ലീഗ് നേതാവ് ശ്രീ KNA ഖാദറിനെ പുലഭ്യം പറഞ്ഞവരുടെ കൂട്ടത്തിലും സതീശൻ മുന്നിലുണ്ടായിരുന്നു. സതീശന് ‘വെറുക്കപ്പെട്ട’ സംഘടനയായ RSS ഉം വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധ മറിയാമായിരുന്നില്ലേ…? എന്തിനു വേണ്ടിയാണ് ഇവരീ വേഷം കെട്ടുന്നത്?

എന്തിനാണീ ആത്മവഞ്ചന? നിങ്ങളൊക്കെ എന്നാണ് RSS നെ ശരിയായി മനസ്സിലാക്കുക? അതോ മനസ്സിലായിട്ടും മറ്റു പലതിനും വേണ്ടി പൊട്ടൻ കളിക്കുകയാണോ?

ഏതായാലും സതീശനെതിരെ RSS നോട്ടീസയച്ചിട്ടുണ്ട്. പേടിപ്പിക്കേണ്ടെന്നും നിയമപരമായി നേരിടുമെന്നുമാണ് സതീശൻ്റെ വീരവാദം. ആരെയും പേടിപ്പിക്കുന്ന ശീലം RSS ന് ഇല്ല. എന്നാൽ ചുരുങ്ങിയ മര്യാദ തീർച്ചയായും പ്രതീക്ഷിക്കുന്നു. കോടതിയിൽ സതീശൻ എന്തു പറയുന്നു എന്നു കേൾക്കാൻ കേരളം കാത്തിരിക്കുന്നു.

Story Highlights: vd satheesan rss venue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here