മൂക്കിൽ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന നാലരവയസുകാരന് ദാരുണാന്ത്യം

പാലക്കാട് മലമ്പുഴയിൽ ഉറങ്ങിക്കിടന്ന നാലരവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ.രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തേക്ക് വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പ് വീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത് ( child died after snake bite on nose ).
ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ അമ്മവീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് ബിബിതയും കുഞ്ഞും ഉറങ്ങുകയായിരുന്നു. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നാണു പാമ്പു കുട്ടിയുടെ മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. കട്ടിലിനടിയിൽ പാമ്പിനെ കണ്ടെത്തി.
കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ്. ഇതേ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈദാണു സഹോദരൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here