Sri Lanka crisis: ശ്രീലങ്കയിൽ ജനകീയ കലാപം തുടരുന്നു; പ്രസിഡൻറിന്റെ രാജിപ്രഖ്യാപനത്തിന് ശേഷവും കലാപം തുടർന്ന് പ്രക്ഷോഭകർ

ശ്രീലങ്കയിൽ ജനകീയ കലാപം തുടരുന്നു. പ്രസിഡന്റ് ഗോതബയ രജപക്സെ രാജിവയ്ക്കുമെന്നറിയിച്ച് സ്പീക്കർ. പ്രസിഡന്റിന്റെ രാജിപ്രഖ്യാപനത്തിന് ശേഷവും കലാപം തുടർന്ന് പ്രക്ഷോഭകർ ( Riots continue in Sri Lanka ).
ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി വെച്ചു. പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറി സർക്കാരിനെതിരേയുള്ള പ്രക്ഷോഭം കനത്തതോടെയാണ് റനിൽ വിക്രമസിംഗെ പദവി ഒഴിഞ്ഞത്. ട്വിറ്റർ വഴിയായിരുന്നു റനിൽ വിക്രമസിംഗെയുടെ രാജി പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് രാജിയെന്ന് റനിൽ ട്വീറ്റ് ചെയ്തു. എന്നാൽ രാത്രി വൈകിയും പ്രക്ഷോഭം തുടർന്നതിനാൽ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിസന്നദ്ധത അറിയിച്ചതായി സ്പീക്കർ അറിയിച്ചു. അജ്ഞാതകേന്ദ്രത്തിൽ തുടരുന്ന പ്രസിഡന്റ് ബുധനാഴ്ച രാജി വയ്ക്കുമെന്ന് അറിയിച്ചതായി സ്പീക്കർ മഹിന്ദ യാപ അബെവർധന പ്രക്ഷോഭക്കാരോട് പറഞ്ഞു. എന്നാൽ രാജി സന്നദ്ധത അറിയിച്ചതിന് ശേഷം രാത്രി വൈകിയും പ്രക്ഷോഭക്കാർ പ്രസിഡന്റിന്റെ വസതിയിൽ തുടർന്നു. ഏഴ് ദിവസത്തിനകം ഇടക്കാല സർവകക്ഷിസർക്കാർ രൂപീകരിക്കും.
സാമ്പത്തികപ്രതിസന്ധിയിൽ പൊറുതിമുട്ടി, ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനങ്ങൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുക്കുകയായിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. നാലേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പ്രസിഡന്റ്സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ ദേശീയ പതാക ഉയർത്തി. പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതി കയ്യേറിയതിന് പിന്നാലെ ശനിയാഴ്ച വൈകീട്ടോടെ പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോഗം വിളിച്ചു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും ഇന്നലെ കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വാനം ചെയ്തിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോതബായ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചതും വിഫലമായി.
ചിലയിടങ്ങളിൽ സൈന്യവും പൊലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെ നീന്തൽ കുളത്തിലും മുറികളിലും അടുക്കളയിലും പ്രതിഷേധക്കാരെത്തി. കൊളംമ്പോ നഗരം പൂർണമായും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. രാജ്യതലസ്ഥാനത്തെ റോഡുകളിലും പ്രധാനപ്പെട്ട ഇടങ്ങളിലുമെല്ലാം പ്രക്ഷോഭകരാൽ നിറഞ്ഞു. കൂടുതൽ പ്രക്ഷോഭകർ കൊളേമ്പോയിലേക്ക് ഒഴുകിയെത്തുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം തണുപ്പിക്കാൻ റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്.
Story Highlights: Riots continue in Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here