Advertisement

ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

July 10, 2022
Google News 2 minutes Read

ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യാ നിയന്ത്രണം വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നു. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ ഏറെ സഹായിക്കും. എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. മാത്രമല്ല കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളര്‍ത്തുവാനും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും സാധിക്കുന്നു. അതിലൂടെ ഭാവിയില്‍ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിയ്ക്ക് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാവര്‍ക്കും കുടുംബാസൂത്രണ മാര്‍ഗങ്ങളെപ്പറ്റി അവബോധം ഉണ്ടായിരിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണം. താല്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ സബ് സെന്ററില്‍ നിന്നും ലഭ്യമാണ്. കോപ്പര്‍ടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്.

Read Also: ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

ഭാവിയില്‍ ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വാസക്ടമിയുമാണ് നിലവിലുള്ളത്. മിനി ലാപ്രോട്ടമി, ലാപ്രോസ്‌കോപ്പി, പോസ്റ്റ് പാര്‍ട്ടം സ്റ്ററിലൈസേഷന്‍ എന്നീ പേരുകളിലാണ് ട്യൂബക്ടമി അറിയപ്പെടുന്നത്. പുരുഷന്‍മാരില്‍ നടത്തുന്ന നോസ്‌കാല്‍പല്‍ വാസക്ടമി വളരെ ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. ഈ ശസ്ത്രക്രിയകള്‍ താലൂക്ക്, ജില്ലാ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

Story Highlights: Veena George about Human population planning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here