Advertisement

‘ഇത്തവണ ഇന്ത്യ എളുപ്പം കീഴടങ്ങുമെന്ന് പാകിസ്താൻ കരുതരുത്’; മുന്നറിയിപ്പുമായി അക്തർ

July 11, 2022
2 minutes Read
shoaib akhtar india pakistan
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ലോകകപ്പിലെപ്പോലെ ഇന്ത്യയെ എളുപ്പം കീഴടക്കാനാവുമെന്ന് കരുതരുതെന്ന് മുൻ പാക് താരം ഷൊഐബ് അക്തർ. കൃത്യമായ തയാറെടുപ്പുകളോടെയായിരിക്കും ഇത്തവണ ഇന്ത്യ എത്തുക. അതുകൊണ്ടു തന്നെ ഇന്ത്യയെ തോൽപിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല എന്നും അക്തർ പറഞ്ഞു. കഴിഞ്ഞ ടി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പാകിസ്താനായിരുന്നു ജയം. ലോകകപ്പുകളിൽ ഇന്ത്യക്കെതിരായ പാകിസ്താൻ്റെ ആദ്യ ജയമായിരുന്നു ഇത്. വരുന്ന ലോകകപ്പിൽ ഒക്ടോബർ 23നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുക. (shoaib akhtar india pakistan)

“മത്സര ഫലം പ്രവചിക്കുകയെന്നത് ഇപ്പോൾ ബുദ്ധിമുട്ടാണ്. ഇന്ത്യയ്ക്കെതിരെ പാകിസ്താൻ രണ്ടാമതു ബൗൾ ചെയ്യുന്നതാണു നല്ലത്. കാരണം മെൽബണിലെ പിച്ച് ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കുന്നതാണ്. മികച്ച ബൗൺസും ലഭിക്കും.”- അക്തർ പറഞ്ഞു.

അതേസമയം, ലോകകപ്പിനു മുൻപ് തന്നെ ഇന്ത്യയും പാകിസ്താനും തമ്മിൽ കളിച്ചേക്കും. ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓഗസ്റ്റ് 28ന് നടക്കുമെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.

Read Also: ഷഹീൻ അഫ്രീദിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്

ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലാണ് അയൽക്കാർ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനുമൊപ്പം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ഗ്രൂപ്പിൽ ഉണ്ടാവും. ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകൾ ഉണ്ടാവും.

ഒക്ടോബർ 16നാണ് ആദ്യഘട്ട മത്സരങ്ങൾ ആരംഭിക്കുക. ശ്രീലങ്ക, നമീബിയ മത്സരമാണ് ആദ്യത്തേത്. ഒക്ടോബർ 22ന് സൂപ്പർ 12 പോരാട്ടങ്ങൾ തുടങ്ങും. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ന്യൂസീലൻഡും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരം സിഡ്നിയിൽ നടക്കും. ഇന്ത്യ-പാകിസ്താൻ മത്സരം എംസിജിയിലാണ്. നവംബർ 13ന് എംസിജിയിൽ ഫൈനൽ. സിഡ്നിയും അഡലെയ്ഡുമാണ് സെമിഫൈനലുകൾക്ക് വേദിയാവുക.

2020ൽ ഓസ്ട്രേലിയയിൽ വച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പാണ് ഇത്. എന്നാൽ, കൊവിഡ് ബാധ കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.

Story Highlights: shoaib akhtar india pakistan t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement