ഐസിസി റാങ്കിംഗ്: ബുംറയ്ക്കും സൂര്യകുമാറിനും നേട്ടം

ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ബുംറയ്ക്ക് നേട്ടമായത്. മൂന്ന് സ്ഥാനങ്ങൾ മറികടന്നാണ് ബുംറ ഒന്നാമത് എത്തിയത്. 718 ആണ് ബുംറയുടെ റേറ്റിംഗ്. ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് രണ്ടാമതും (റേറ്റിംഗ് 712) പാക് പേസർ ഷഹീൻ അഫ്രീദി മൂന്നാമതും റേറ്റിംഗ് 681) നിൽക്കുന്നു. (icc ranking bumrah suryakumar)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യിൽ തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ആദ്യ പത്തിലെത്തി. 44 സ്ഥാനങ്ങൾ കുതിച്ചുകയറിയ സൂര്യ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ടി-20 റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരമാണ് സൂര്യ. 732 ആണ് സൂര്യയുടെ റേറ്റിംഗ്. 12ആം സ്ഥാനത്തുള്ള ഇഷാൻ കിഷനാണ് പട്ടികയിൽ അടുത്ത സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റർ.
Read Also: ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം; റെക്കോർഡുകൾ കടപുഴക്കി ഇന്ത്യൻ പേസർമാർ
ഏകദിന റാങ്കിംഗിൽ ഇന്ത്യ പാകിസ്താനെ മറികടന്നിരുന്നു. പാകിസ്താനെ മറികടന്ന് ഇന്ത്യ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്താന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 122 റേറ്റിംഗാണ് ഇംഗ്ലണ്ടിനുള്ളത്. 126 റേറ്റിംഗുള്ള ന്യൂസീലൻഡാണ് ഒന്നാം റാങ്കിൽ.
ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചിരുന്നു. 10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ (76 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ ശിഖർ ധവാനും (31) തിളങ്ങി.
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റ് വീശിയത്. രോഹിത് ശർമ ആക്രമണത്തിൻ്റെ വഴി ഏറ്റെടുത്തപ്പോൾ ധവാൻ ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. 49 പന്തുകളിൽ രോഹിത് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച രോഹിത് ഇന്ത്യൻ വിജയം നേരത്തെയാക്കി. 58 പന്തുകളിൽ 6 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതമാണ് രോഹിത് 76 റൺസ് തികച്ചത്.
Story Highlights: icc ranking bumrah suryakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here