ഐ വിൽ മിസ് യൂ; പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് പ്രിഥ്വിരാജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് നടൻ പ്രിഥ്വിരാജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. Rest in peace uncle! I will miss you. – പ്രിഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രിഥ്വിരാജും പ്രതാപ് പോത്തനുമായിരുന്നു. ഏറെ ചർച്ചയായ ചിത്രത്തിൽ ഇരുവരുടെയും പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധാനത്തിന് ലാൽജോസിന് 2012-ലെ മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. കോളജ് കാലത്തെ തന്റെ ആരാധ്യ പുരുഷനായിരുന്നു പ്രതാപ് പോത്തൻ എന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞിട്ടുണ്ട്. ( I Will Miss You; Prithviraj Sukumaran’s Facebook post about Pratap Pothan )
സംവിധായകൻ ഭരതനുമായുള്ള അടുപ്പം മൂലമാണ് പ്രതാപ് പോത്തൻ സിനിമയിലേക്കെത്തുന്നത്. 1978ൽ ഭരതൻ സംവിധാനം ചെയ്ത ‘ആരവം’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പ്രതാപ് പോത്തൻ പ്രേക്ഷക മനസ് കവർന്നത് തകര എന്ന ക്ലാസ് ചിത്രത്തിലൂടെയാണ്. എൺപതുകളിലെ മലയാളം, തമിഴ് സിനിമകളിൽ തരംഗമായി അദ്ദേഹം മാറിയത് പിൽക്കാലത്തെ ചരിത്രം. തകരയ്ക്ക് ശേഷം അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചാമരം, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, നവംബറിന്റെ നഷ്ടം, സിന്ദൂര സന്ധ്യയ്ക്കു മൗനം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി സിനിമാ പ്രേമികൾ നെഞ്ചോട് ചേർക്കുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
പത്മരാജൻ തിരക്കഥയെഴുതി 1979ൽ പുറത്തിറങ്ങിയ തകര എന്ന ചിത്രമാണ് പ്രതാപ് പോത്തന്റെ കരിയർ മാറ്റിമറിച്ചത്. വി.വി. ബാബു നിർമ്മിച്ച ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണനായിരുന്നു. പശ്ചാത്തലസംഗീതം നൽകിയത് ജോൺസണും. അങ്ങനെ എല്ലാംകൊണ്ടും മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നായി തകര മാറി. പ്രതാപ് പോത്തന് പുറമേ സുരേഖ, നെടുമുടി വേണു തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ശ്രീലത, ശാന്താദേവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 1978 ജനുവരിയില്‍ പത്മരാജന്‍ എഴുതി ചതുരംഗം എന്ന വാരികയിൽ പ്രസിദ്ധീകരിച്ച ഒരു നോവലെറ്റായിരുന്നു തകര.
Story Highlights: I Will Miss You; Prithviraj Sukumaran’s Facebook post about Pratap Pothan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here