Advertisement

ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും

July 15, 2022
2 minutes Read

ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് കര്‍മം നിര്‍വഹിച്ച ആദ്യ മലയാളി സംഘം നാളെ കൊച്ചിയില്‍ തിരിച്ചെത്തും. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശിക്കാത്ത ഇന്ത്യന്‍ ഹാജിമാരുടെ മദീന സന്ദര്‍ശനവും നാളെ ആരംഭിക്കും.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര നാളെ ആരംഭിക്കും. ആദ്യ ദിവസം ജിദ്ദയില്‍ നിന്നും 4 വിമാനങ്ങളാണ് ഉള്ളത്. ഇതില്‍ 2 വിമാനങ്ങള്‍ കൊച്ചിയിലേക്കും ഒന്നു ഡല്‍ഹിയിലേക്കും ഒന്നു ശ്രീനഗറിലേക്കുമാണ്. ജൂണ്‍ 4നു ആദ്യ ഹജ്ജ് വിമാനത്തില്‍ കേരളത്തില്‍ നിന്നെത്തിയ 377 തീര്‍ഥാടകരാണ് നാളെ കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തില്‍ മടങ്ങുന്നത്.

വൈകുന്നേരം 5 മണിക്ക് ജിദ്ദയില്‍ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 10:45നു കൊച്ചിയിലെത്തും. കൊച്ചിയിലെത്തുന്ന സംഘത്തെ മന്ത്രി വി.അബ്ദുറഹ്മാന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഹജ്ജ് കമ്മിറ്റി പ്രതിനിധികളും സ്വീകരിക്കും. സൗദി എയര്‍ലൈന്‍സ് ആണ് കേരളത്തിലേക്കുള്ള ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. നാട്ടിലെത്തുന്ന ഓരോ ഹാജിക്കും 5 ലിറ്റര്‍ സംസം വിമാനത്താവളത്തില്‍ വെച്ച് വിതരണം ചെയ്യും. ഹാജിമാര്‍ക്കുള്ള സംസം നേരത്തെ സൗദി എയര്‍ലൈന്‍സ് വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു.

ഓഗസ്റ്റ് 1 വരെ 21 വിനങ്ങളിലായാണ് കൊച്ചിയിലേക്കുള്ള ഹാജിമാരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. 7,727 തീര്‍ഥാടകരാണ് നെടുമ്പാശേരിയില്‍ നിന്നും ഹജ്ജിനെത്തിയത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 5,766 തീര്‍ഥാടകരാണ് ഉള്ളത്. ബാക്കിയുള്ളവര്‍ തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്‍ഡമാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. കേരളത്തില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഒരു തീര്‍ഥാടകന്‍ മദീനയില്‍ വെച്ച് മരിച്ചു.

ജൂണ്‍ 6നു ആണ് മലപ്പുറം വളാഞ്ചേരി സ്വദേശി കരേക്കാട് അബൂബക്കര്‍ എന്ന തീര്‍ഥാടകന്‍ മരിച്ചത്. അതേസമയം ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശിക്കാത്ത ഇന്ത്യന്‍ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം നാളെ ആരംഭിക്കും. 8 ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മദീനയില്‍ നിന്നു ഈ തീര്‍ഥാടകര്‍ നാട്ടിലേക്കു മടങ്ങും. ഹജ്ജിന് ശേഷം വിവിധ രാജ്യക്കാരായ 27,300 തീര്‍ഥാടകര്‍ ഇതുവരെ മദീനയില്‍ എത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 26,600 തീര്‍ഥാടകരും റോഡ് മാര്‍ഗമാണ് മക്കയില്‍ നിന്നും മദീനയിലെത്തിയത്.

Story Highlights: return journey of Hajj pilgrims from India will begin tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top