Advertisement

സുസ്മിത സെന്നുമായുള്ള പ്രണയത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍; ആരാണ് ലളിത് മോദി?

July 15, 2022
Google News 1 minute Read

സുസ്മിത സെന്നുമായി താന്‍ ഡേറ്റ് ചെയ്യുകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ലളിത് മോദിയുടെ പുതിയ ട്വീറ്റ് ഇന്നലെ വളരെ അപ്രതീക്ഷിതമായാണ് പുറത്തെത്തിയത്. പ്രണയവാര്‍ത്ത പുറത്തായതോടെ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ലളിത് മോദിയുടെ പേര് ഇന്നലെ മുതല്‍ സജീവ ചര്‍ച്ചയാകാന്‍ തുടങ്ങി. പുതിയ വാര്‍ത്തകളും മനോഹരമായ ഫോട്ടോഗ്രാഫുകളും പുറത്തെത്തിയതിന് പിന്നാലെ ലളിത് മോദിയെക്കുറിച്ച് ആളുകള്‍ കൂടുതലായി ഗൂഗിളില്‍ തിരയാന്‍ തുടങ്ങി. (who is lalit modi )

ഐ പി എല്‍ മുന്‍ചെയര്‍മാനും വ്യവസായിയുമാണ് ലളിത് മോദി. ഐ പി എല്ലിന്റെ മുന്‍ചെയര്‍മാന്‍ എന്ന ഒറ്റ വരിയില്‍ മാത്രം ലളിത് മോദിയെ ഒതുക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ഥാപകനായ മോദി ക്രിക്കറ്റ് എന്ന കായികഇനത്തിന്റെ സാധ്യതകള്‍ മുന്നില്‍ക്കണ്ട് ചില സുപ്രധാനമായ മാറ്റങ്ങള്‍ക്ക് വഴിവെട്ടിത്തുറന്ന വ്യക്തികൂടിയാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍നിരയിലേക്കുള്ള മോദിയുടെ കുതിപ്പ് അതിശയിപ്പിക്കും വിധത്തില്‍ വേഗത്തിലായിരുന്നു. ഒരു വ്യവസായ കുടുംബത്തിലെ അംഗമായ മോദി വളരെ ചെറുപ്പത്തിലെ തന്നെ കായിര രംഗത്തെ അന്തത സാധ്യതകള്‍ തിരിച്ചറിഞ്ഞിരുന്നു. ഡിസ്‌നിയുടെ പരിപാടികള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്ന മോഡി എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്വര്‍ക്കിനു രൂപംനല്‍കിയ മോദിക്ക് ഇന്ത്യയിലെ ടെലിവിഷന്‍ ഉപയോക്താക്കളുടെ അഭിരുചികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ലൈവ് സ്‌പോര്‍ട്‌സിനായി ആളുകള്‍ മടികൂടാതെ പണം നല്‍കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ലൈവ് സ്‌പോര്‍ട്‌സ് ഡിസ്ട്രിബ്യൂഷനിലൂടെ ബിസിനസ് കെട്ടിപ്പൊക്കുന്നതിനിടെയാണ് 2005ല്‍ ബിസിസിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റാകുന്നത്. പിന്നീട് കൃത്യമായ ആസൂത്രണത്തോടെ മോദി ബിസിസിഐയുടെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായി മാറുകയും അതിന്റെ വരുമാനം 1 ബില്യണ്‍ യുഎസ് ഡോളറിന് മുകളില്‍ ഉയര്‍ത്തുകയും ചെയ്തു.

2007 സെപ്റ്റംബറില്‍ മോഡി കണ്‍വീനറായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ വന്നു. ആ പദവിയില്‍ 2010 ഏപ്രില്‍ 25 വരെ അദ്ദേഹം പ്രവര്‍ത്തിച്ചു. വിജയത്തിന്റെ കൊടുമുടിയില്‍ നിന്നപ്പോഴാണ് ആരോപണങ്ങളും വിവാദങ്ങളും മോദിയെ ചുറ്റുന്നത്. 2010 ലെ ഐ.പി.എല്ലിന്റെ ഫൈനല്‍ മല്‍സരം അവസാനിച്ചതിന് പിന്നാലെ പൂനെ വാരിയേഴ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് എന്നിവയുടെ രണ്ട് റിഗ്ഗിംഗ് ലേലങ്ങളുമായി ബന്ധപ്പെട്ട് മോശം പെരുമാറ്റം, അച്ചടക്കമില്ലായ്മ, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിച്ച് ബിസിസിഐ മോദിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഈ ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് ഒരു കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013 ല്‍ ബിസിസിഐ അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിക്കുകയും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

അതിനുശേഷം അദ്ദേഹം ലണ്ടനിലായിരുന്നു താമസിച്ച് വന്നിരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2015ല്‍ ലളിത് മോദിക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Story Highlights: who is lalit modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here