എം.എം.മണിയുടേത് ‘പുലയാട്ട് ഭാഷ’; എം.എം.മണിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐ ജില്ലാ സെക്രട്ടറി

എം.എം.മണിക്കെതിരെ അസഭ്യ പരാമര്‍ശവുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. എം.എം.മണിയുടേത് ‘പുലയാട്ട് ഭാഷ’ എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. ആനിരാജക്കെതിരെ എം.എം.മണി നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ ട്വന്റിഫോറിനോട് പ്രതികരിക്കവെയായിരുന്നു കെ.കെ.ശിവരാമന്റെ പ്രതികരണം ( k k sivaraman abusive remarks against MM Mani ).
ആനി രാജയ്‌ക്കെതിരെ എം.എം.മണിയുടെ പ്രതികരണം അങ്ങേയറ്റം മോശമാണ്. ആനി രാജ ഡല്‍ഹിയിലല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. പുലയാട്ട് ഭാഷ എം.എം.മണി നിരന്തരം ഉപയോഗിക്കുന്നു. മണിയുടേത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനം. രാഷ്ട്രീയ എതിരാളികളെ കുറിച്ച് സംസാരിക്കുമ്പോള്‍ അന്തസായ ഭാഷ ഉപയോഗിക്കണം. ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ മനുസ്മൃതിയുടെ പ്രചാരകനായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എം.എം.മണിയുടേത് തെമ്മാടി നിഘണ്ടുവാണ്. മണി പറയുന്നതിനെല്ലാം പ്രതികരിക്കാന്‍ പോയാല്‍ നമ്മള്‍ കുഴയത്തെ ഉള്ളു. വളരെ നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളത്തിലെ കാര്യങ്ങളൊന്നും അറിയില്ലെന്ന് പറയുന്നത് മര്യാദയില്ലാത്ത വര്‍ത്തമാനമാണ്.
കാനം പ്രതികരിക്കാത്തതില്‍ കാനത്തോട് ചോദിക്കണം. മണിയുടെ ഭാഷപ്രയോഗങ്ങളെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഇത്തരം വൃത്തികെട്ട പദങ്ങളെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വരു. അത് അദ്ദേഹത്തിന്റെ സംസ്‌കാരം അത് തന്നെ ആയതുകൊണ്ടാണ്. ആനി രാജയെ പറ്റിമാത്രമല്ല, കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതു മര്യാദകെട്ട ഭാഷയല്ലേ.
സ്ത്രീകളെ കുറിച്ച് ഇത്തരത്തിലുള്ള മോശം പരാമര്‍ശം മണിയുടെ ഭാഗത്തു നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇടുക്കി എഞ്ചിനിയറിങ് കോളജിലെ വനിത പ്രിന്‍സിപ്പാളിനെ കുറിച്ച് പറഞ്ഞത് എത്രയും മോശപ്പെട്ട രീതിയിലാണ്. ഇതൊക്കെ നിയന്ത്രിക്കേണ്ടത് ആ പാര്‍ട്ടിയാണ്. മണി ഉപയോഗിക്കുന്ന പദങ്ങള്‍ നാട്ടുഭാഷയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നതില്‍ ഒരു ന്യായവുമില്ല.
ഗ്രാമവാസികളും വിദ്യാഭ്യാസമില്ലാത്തവരുമെല്ലാം തെറിയാേേണാ പറയുന്നത്. നാട്ടുഭാഷ എന്നു പറയുന്നതില്‍ ഒരു ന്യായവുമില്ല. മനുഷ്യന് ഉപയോഗിക്കാന്‍ കൊള്ളാത്ത ഭാഷയെ മണി പലപ്പോഴും പറയാറുള്ളു. അതിന് വേറെ വ്യാഖ്യാനങ്ങളുടെ ആവശ്യമില്ല. ഇത്തരം പ്രയോഗങ്ങളിലൂടെ മണി അശ്ലീലത്തിന്റെ ഒരു നിഘണ്ടു രചിക്കുകയായിരുന്നു. അശ്ലീല നിഘണ്ടുവെന്നല്ല, അതിനെ തെമ്മാടി നിഘണ്ടുവെന്ന് വേണം പറയാനെന്നും കെ.കെ.ശിവരാമന്‍ പറഞ്ഞു.
Story Highlights: k k sivaraman abusive remarks against MM Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here