Advertisement

യുവാക്കള്‍ക്ക് പരമാവധി കഴിക്കാവുന്നത് 2 സ്പൂണ്‍ മദ്യം മാത്രം; വിശദീകരിച്ച് ലാന്‍സെറ്റ് പഠനം

July 16, 2022
Google News 3 minutes Read

പ്രായമായവരെ അപേക്ഷിച്ച് മദ്യപാനം കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളും ഭീഷണിയും സൃഷ്ടിക്കുന്നത് യുവാക്കള്‍ക്കെന്ന് പുതിയ പഠനം. 40 വയസില്‍ താഴെയുള്ളവര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് വെറും രണ്ട് ടേബിള്‍ സ്പൂണ്‍ മാത്രമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യങ്ങള്‍ സ്ഥാപിക്കുന്നത്. (Safe daily alcohol limit for people under 40 is 2 tablespoons says lancet study)

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ വിശദമായ പഠനഫലങ്ങളാണ് ലാന്‍സെറ്റ് പഠനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഹൃദയസംബന്ധമായതും അല്ലാത്തതുമായ നിരവധി അസുഖങ്ങളെ വിലയിരുത്തിക്കൊണ്ടാണ് പഠനം നടന്നത്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള 22 അസുഖങ്ങളെ നിരീക്ഷിച്ചാണ് മദ്യപാനം ഉയര്‍ത്തുന്ന ഭീഷണികളെ മനസിലാക്കിയത്.

40 വയസോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് പരിമിതമായ അളവിലുള്ള മദ്യപാനത്തില്‍ നിന്ന് നേരിയ പ്രയോജനങ്ങള്‍ നേടാമെങ്കിലും യുവാക്കള്‍ക്ക് മദ്യപാനം കൊണ്ട് യാതൊരു ഗുണവുമുണ്ടാകുന്നില്ലെന്നാണ് പഠനം കണ്ടെത്തിയത്. തീരെ സുരക്ഷിതമല്ലാതെ മദ്യപിക്കുന്നത് കൂടുതലും 15 മുതല്‍ 39 വയസുവരെ പ്രായമുള്ള പുരുഷന്മാരാണെന്ന് പഠനം കണ്ടെത്തുന്നു. 2020ല്‍ സുരക്ഷിതമല്ലാത്ത അളവില്‍ മദ്യം ഉപയോഗിച്ചവരില്‍ 76.7 ശതമാനവും പുരുഷന്മാരാണെന്നും ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടിലുണ്ട്.

204 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ മദ്യപാനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡെല്‍ത്ത് മെട്രിക്‌സ് സയന്‍സ് പ്രൊഫസറായ ഇമ്മാനുവേല ഗാകിഡൗയുടെ നേതൃത്വത്തില്‍ പഠനം നടന്നത്. യുവാക്കള്‍ മദ്യപാനത്തില്‍ നിന്നും കഴിവതും വിട്ടുനില്‍ക്കണമെന്നും സ്വന്തം ആരോഗ്യത്തെക്കുറിച്ച് വിവേകപൂര്‍വം വേണം തീരുമാനമെടുക്കാനെന്നും പഠനസംഘം ഓര്‍മിപ്പിച്ചു.

Story Highlights: Safe daily alcohol limit for people under 40 is 2 tablespoons says lancet study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here