വനത്തിൽ കയറി ആനയെ വിരട്ടി വിഡിയോ ചിത്രീകരിച്ചു; യുട്യൂബർ സഞ്ചരിച്ച കാർ പിടികൂടി

റിസർവ് വനത്തിൽ കയറി അനധികൃതമായി ആനയുടെ വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ പ്രതി അമല അനു സഞ്ചരിച്ച കാർ വനം വകുപ്പ് പിടികൂടി. കിളിമാനൂരിൽ നിന്നാണ് കാർ കസ്റ്റഡിയിൽ എടുത്തത്. പ്രതി വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വഴുതിപ്പോയത് തലനാരിഴയ്ക്കാണ്.
വനിതാ ബ്ലോഗറുടെ മുൻകൂർ ജാമ്യാപേക്ഷയെ വനം വകുപ്പ് ഹൈക്കോടതിയിൽ എതിർക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്ളോഗർ കാട്ടിൽ അതിക്രമിച്ചു കയറിയതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണ്. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ വനം കോടതിയിൽ വിശദറിപ്പോർട്ട് നൽകിയിരുന്നു. മാമ്പഴത്തറ റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി, കാട്ടനായെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്.
Read Also: കാട്ടുപന്നികളിലെ ആന്ത്രാക്‌സ് ബാധ; പ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
കൊല്ലം കുളത്തൂപ്പുഴയിലെ വനത്തിൽ അതിക്രമിച്ചു കയറിയാണ് കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ചത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു. 7 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വിഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വിഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. മാമ്പഴത്തറ വലത്തിൽ വെച്ച് കാട്ടാന ഓടിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ഇവർ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നത്. അമ്പനാർ ഡെപ്യൂട്ടി റൈഞ്ച് ഓഫീസർ അജയകുമാറാണ് കേസ് അന്വേഷിക്കുന്നത്.
കാട്ടിൽ ഹെലികാം പറത്തിയതോടെയാണ് കാട്ടാന വിരണ്ടോടിയത്. ഇതിന് ശേഷം കാട്ടാത വിഡിയോ ചിത്രീകരിച്ചവരെ ഓടിക്കുകയായിരുന്നു. വലിയ അപകടത്തിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. വനത്തിൽ അതിക്രമിച്ച് കയറിയതിന് ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കിളിമാനൂർ സ്വദേശി അമല അനുവിനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: video was shot in the forest; YouTuber’s car seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here