ശ്രീലങ്കൻ പ്രതിസന്ധി: കേന്ദ്രം സർവകക്ഷി യോഗം വിളിച്ചു

ശ്രീലങ്കൻ പ്രതിസന്ധി ചർച്ച ചെയ്യാൻ വീണ്ടും സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ ഡിഎംകെയും, എഐഎഡിഎംകെയും ശ്രീലങ്കൻ വിഷയം ഉന്നയിച്ചിരുന്നു.
ശ്രീലങ്കയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ എൻഡിഎ ഘടകകക്ഷി ഡിഎംകെ നേതാവ് എം തമ്പിദുരൈ പറഞ്ഞു. ദ്വീപ് രാഷ്ട്രം അഭിമുഖീകരിക്കുന്ന സാഹചര്യം നേരിടാൻ ഇന്ത്യയുടെ ഇടപെടൽ പാർട്ടി നേതാവ് ടിആർ ബാലുവും ആവശ്യപ്പെട്ടു. ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയെ തടസ്സപ്പെടുത്തുന്ന കടുത്ത വിദേശനാണ്യ ക്ഷാമം മൂലം ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.
അതേസമയം സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് അൺപാർലമെന്ററി അല്ലേയെന്ന് നേതാക്കൾ ചോദിച്ചു. “പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ ആരംഭിക്കും. ഈ മൺസൂൺ സമ്മേളനത്തിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. സമ്മേളനത്തിൽ രണ്ട് ഡസനോളം ബില്ലുകൾ സർക്കാരിന് അവതരിപ്പിക്കാനുമുണ്ട്.”- മോദിയുടെ അസാന്നിധ്യത്തെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് പറഞ്ഞു.
Story Highlights: Sri Lanka crisis: Govt calls all-party meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here