അടിവസ്ത്രം അഴിപ്പിച്ച സംഭവം: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സമിതിയെ നിയോഗിച്ചു. വസ്തുത അന്വേഷണ സമിതിയെയാണ് നിയോഗിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അതേസമയം, സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വകാര്യ ഏജന്‍സിയായ സ്റ്റാര്‍ സെക്യരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോളജ് ശുചീകരണ ജീവനക്കാര്‍ ആയൂര്‍ സ്വദേശികളായ എസ്.മറിയാമ്മ, കെ.മറിയാമ്മ സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്.
പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. ഇന്ന് കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു.
അതേസമയം നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കേരളത്തിലെന്നു മാത്രമല്ല, ഇന്ത്യയിലൊരിടത്തും തന്നെ ഈ രീതിയില്‍ പ്രാകൃതമായൊരു പരിശോധന മത്സരപ്പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞു.
Story Highlights: NEET Exam: National Testing Agency appoints committee to investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here