കെ.എസ്. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സമയം ഏതാണെന്ന് ചോദിച്ച് കോടതിയുടെ അപ്രതീക്ഷിത ഇടപെടൽ

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം എത്രയാണെന്ന് ചോദിച്ച് കോടതി. സമയം വ്യക്തമാക്കുന്ന രേഖ ഉടൻ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അൽപസമയത്തിനകം കേസ് വീണ്ടും പരിഗണിക്കും. കെ.എസ്. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്.
കെ.എസ് ശബരീനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിലാണ് ശബരീനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കും വരെ ശബരീനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു.
വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സമാധാന പരമായിട്ടാണ് പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണ് തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.
Read Also: വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ; കെ.എസ്. ശബരിനാഥ്
മുഖ്യമന്ത്രിയുടെയും, സി.പി.ഐ.എമ്മിന്റെയും, ഇ.പി.ജയരാജന്റെയും ഭീരുത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ട് പോകും. ഇ.പി ജയരാജന് ഇൻഡിഗോ കൊടുത്ത യാത്ര വിലക്ക് കുറഞ്ഞു പോയെന്നും കെ.എസ്. ശബരീനാഥ് പരിഹസിച്ചു. വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോൺഗ്രസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത് ശബരീനാഥനാണ് എന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
വിമാനത്തിലെ പ്രതിഷേധത്തിന് നിർദേശം നൽകിയത് ശബരീനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്‍റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരീനാഥിന്‍റെ പേരിലുള്ള വാട്‌സ്‌ആപ്പ് ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടും പുറത്തുവന്നത്.
Story Highlights: The court asked what time KS Sabarinadhan’s arrest was recorded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here