‘100 കോടി തന്നാൽ മന്ത്രിയാക്കാം’, ബിജെപി എംഎൽഎയുടെ പരാതിയിൽ 4 പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. 3 ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി ആവശ്യപ്പെട്ട 4 പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ ഭരണം മാറി രണ്ടാഴ്ച കഴിഞ്ഞിട്ടും മന്ത്രിസഭാ വികസനം നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് എംഎൽഎയെ മന്ത്രിയാക്കാമെന്ന് പ്രലോഭിപ്പിച്ച് വൻ തുക തട്ടിയെടുക്കാൻ ചില ഗുണ്ടാസംഘങ്ങൾ ഗൂഢാലോചന നടത്തിയത്.
ഷിൻഡെ സർക്കാരിൽ എംഎൽഎയെ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായാണ് ഇവർ എത്തിയത്. ജൂലൈ 12ന് പ്രതികളിൽ ഒരാൾ ബിജെപി എംഎൽഎ രാഹുൽ കുലുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം പ്രതികരികാത്തതിനെ തുടർന്ന് എംഎൽഎയുടെ പേഴ്‌സണൽ അസിസ്റ്റന്റുമായി സംസാരിച്ചു. ഡൽഹിയിൽ നിന്ന് എംഎൽഎയെ കാണാനാണ് വന്നതെന്ന് ഇവർ പിഎയോട് പറഞ്ഞു. പിന്നീട് എംഎൽഎ നരിമാൻ പോയിന്റിൽ വച്ച് കാണാൻ ധാരണയിൽ എത്തി.
കൂടിക്കാഴ്ചയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും ഇതിനായി 90 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. നിശ്ചിത തുകയുടെ 20 ശതമാനം (18 കോടി രൂപ) മുൻകൂറായി നൽകണം. ബാക്കി സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നൽകണമെന്നും പറഞ്ഞു. പിന്നീട് ധാരണ പ്രകാരം ഹോട്ടലിലെത്തിയ പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എംഎൽഎയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിൽ റിയാസ് ഷെയ്ഖ്, യോഗേഷ് കുൽക്കർണി, സാഗർ സാങ്വായ്, ജാഫർ ഉസ്മാനി എന്നീ പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ഫോർട്ട് കോടതി 26 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
Story Highlights: 4 Arrested For Offering Cabinet Berth To Maharashtra MLAs For ₹ 100 Crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here