Advertisement

സ്വര്‍ണക്കടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം: സഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി

July 21, 2022
Google News 4 minutes Read

സ്വര്‍ണക്കടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമല്ല മറിച്ച് കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും സ്വര്‍ണക്കടത്ത് ഉയര്‍ത്തി കലാപമഴിച്ചു വിടാന്‍ ശ്രമിച്ചു. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. (cm pinarayi vijayan reply to opposition demand to hand over gold smuggling case to cbi)

പ്രതിപക്ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ തള്ളിപ്പറഞ്ഞതില്‍ അതിയായ നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടിയാണ് ഇ ഡി പണിയെടുക്കുന്നത് എന്ന് പ്രതിപക്ഷം നിലപാട് മാറ്റിയെന്ന് മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അന്വേഷണത്തിന് യാതൊരുവിധ തടസവും നേരിട്ടിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സഭയില്‍ ആവശ്യപ്പെട്ടത്. ഇ ഡിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് വി ഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസന്വേഷണം കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കത്തില്‍ പ്രതിപക്ഷം എതിര്‍പ്പറിയിച്ചു. ഇത് കേസ് അട്ടിമറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. സബ്മിഷനില്‍ ചര്‍ച്ച പറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു.

അതേസമയം മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ അവകാശലംഘന നോട്ടീസ് പരിഗണനയിലെന്ന് സ്പീക്കര്‍ അറിയിച്ചു. നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

Story Highlights: cm pinarayi vijayan reply to opposition demand to hand over gold smuggling case to cbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here