ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തെ നയിക്കാനാകട്ടെ: ദ്രൗപതി മുർമുവിന് ആശംസയുമായി മുഖ്യമന്ത്രി

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതൽ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങൾ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാൻ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് കേരളത്തിൽ നിന്ന് മുഴുവൻ വോട്ടും ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഫലം വന്നപ്പോൾ സ്ഥിതി മറിച്ചായിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് വ്യക്തമാകുന്നത്.
ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മുർമ്മു സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടിയിരുന്നു.
ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു.
Story Highlights: CM Pinarayi Vijayan Wishes Draupadi Murmu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here