Advertisement

വീണ്ടും സോനു സൂദിന്റെ കൈതാങ്ങ്; ഏഴു മാസം പ്രായമുള്ള കുഞ്ഞിൽ കരൾ മാറ്റിവയ്ക്കൽ വിജയകരം

July 22, 2022
2 minutes Read

കരൾ രോഗബാധിതരായ നി‍ർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി ആസ്റ്റർ വോളന്റിയേഴ്സ്, ബോളിവുഡ് നടൻ സോനു സൂദുമായി സഹകരിച്ച് തുടങ്ങിയ ദി സെക്കന്റ് ചാൻസ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കര‍ൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
മുഹമ്മദ് സഫാൻ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റ‍ർ മെഡ്സിറ്റി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരൾ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാൻ അലിയെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകൾ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂർവ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിർണയത്തിലൂടെ കണ്ടെത്തി.

തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂർച്ച കൂട്ടി. ഇതോടെ കരൾ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതും. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുൾപ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കാനായി.

Read Also: നാല് കാലുകളും നാല് കൈകളുമായി ജനിച്ച കുട്ടിയ്ക്ക് സഹായവുമായി സോനു സൂദ്; ശസ്ത്രക്രിയ വിജയകരം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികൾക്കാണ് ദി സെക്കന്റ് ചാൻസ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തിൽ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അ‍ർഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കൽ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാൻ അലിയെയും കുടുംബത്തെയും പോലുള്ളവ‍ർക്ക് ഉയ‍ർന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കൻഡ് ചാൻസ് ഇനീഷ്യേറ്റീവിലൂടെ കൂടുതൽ കുട്ടികൾക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‌

Story Highlights: Actor Sonu Sood helps 7 month-old liver transplant surgery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top