കടപ്പാട് സച്ചിക്ക്, അവാർഡ് അദ്ദേഹത്തിന് സമർപ്പിക്കുന്നു; ബിജുമേനോൻ

മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്ന് ബിജു മേനോൻ. പുരസ്‌കാരം വളരെ പ്രിയപ്പെട്ടതാണ്. ഓർക്കാനുള്ളത് സച്ചിയെയാണ്. കടപ്പാട് സച്ചിക്കാണ്. നല്ലൊരു കഥാപാത്രവും സിനിമയും തന്നതിൽ ഈ നിമിഷത്തിൽ സച്ചിയോട് നന്ദി പറയുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ലഭിച്ച അംഗീകാരങ്ങൾ കാണാൻ സച്ചിയില്ലെന്നുള്ളത് വളരെ വിഷമമുണ്ടാക്കുന്നു. ഈ അവാർഡ് സച്ചിക്ക് സമർപ്പിക്കുന്നുവെന്നും ബിജു മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ട് വർഷം മുൻപ് കഴിഞ്ഞൊരു സിനിമയാണ് അയ്യപ്പനും കോശിയും. ഒപ്പം ഉണ്ടായിരുന്ന എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു. മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണ് ഓരോ പുരസ്കാരവും. നല്ല കഥാപാത്രങ്ങൾ കിട്ടുന്നതിന് പുരസ്കാരങ്ങൾ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംവിധായകന്‍( സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍.
Read Also: സച്ചിയെയും സച്ചിയുടെ പ്രതിഭയെയും രാജ്യം അംഗീകരിച്ചു; പ്രതികരിച്ച് സച്ചിയുടെ ഭാര്യ
തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരറൈ പോട്രി’ലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി. മികച്ച മലയാള സിനിമ ‘തിങ്കളാഴ്‍ച നിശ്ചയം’ ആണ്. സെന്ന ഹെഗ്ഡെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
Story Highlights: Biju Menon on the National Film Award