‘കുരങ്ങുവസൂരി ആഗോള പകർച്ചവ്യാധി’; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കുരങ്ങുവസൂരിയെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ തെദ്രോസ് അഥനോം ഗബ്രിയേസസ് ഇക്കാര്യം അറിയിച്ചു. കൂടുതൽ രാജ്യങ്ങളിൽ കുരങ്ങുവസൂരി പടർന്നുപിടിയ്ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന രോഗം ഈ മെയ് മുതലാണ് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് പടരാൻ ആരംഭിച്ചത്. (WHO monkeypox global health emergency)
കുരങ്ങുവസൂരി അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിലാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 20 യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചുകഴിഞ്ഞു. അതിവേഗത്തിൽ രോഗം പടരുകയാണെങ്കിലും രാജ്യാന്തര യാത്രകളേയോ വ്യാപാരങ്ങളയോ ഇത് ബാധിക്കാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടനാ അധികൃതർ വ്യക്തമാക്കി.
Read Also: സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
അതേസമയം, സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നിരീക്ഷണവും പരിശോധനയും കർശനമാക്കാനാണ് നിർദേശം. നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
കുരങ്ങുവസൂരി കേസുകൾ വർധിക്കുന്നതിന്റെ ആശങ്കയിലാണ് കേരളം. ഇന്നലെ മലപ്പുറം സ്വദേശിയായ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ മൂന്നായി. കൊല്ലം,കണ്ണൂർ ജില്ലകളിലാണ് മറ്റ് രണ്ട് രോഗികളുള്ളത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യുഎഇയിൽ നിന്ന് എത്തിയവരായതിനാൽ ഇവിടെ നിന്നുള്ള യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗികളുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ പരിശോധഫലം നെഗറ്റീവാകുന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. അവസാനം രോഗം സ്ഥിരീകരിച്ച 35കാരന്റെ സമ്പർക്കത്തിലുണ്ടായിരുന്നവരെ നിലവിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളുൾപ്പടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഉള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Story Highlights: WHO monkeypox global health emergency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here