Advertisement

കേരളത്തിൽ സിമന്റ്, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് അദാനി

July 24, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിൽ സിമന്റ്, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ തുടങ്ങുന്നതിന് താൽപര്യം പ്രകടിപ്പിച്ച് അദാനി. മുഖ്യമന്ത്രി – കരൺ അദാനി തമ്മിൽ ഇന്നലെ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണ. കൂടുതൽ പഠനത്തിനു ശേഷം തുടർനടപടിയിലേക്ക് കടക്കും.

വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് പുതിയ സിമന്റ് പ്ലാന്റ് എന്ന നിർദേശം സംസ്ഥാനമാണ് മുന്നോട്ട് വച്ചത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തു തന്നെ പ്ലാന്റ് സ്ഥാപിക്കാമെന്നാണ് കണക്കുകൂട്ടൽ. സംസ്ഥാനത്ത് പലയിടത്തായി ഹരിത ഹൈഡ്രജൻ പ്ലാന്റുകൾ തുടങ്ങാനും ചർച്ചയിൽ ധാരണ. അദാനി ഗ്രൂപ്പ് സിമന്റ്, ഗ്രീൻ ഹൈഡ്രജൻ വ്യവസായമേഖലകളിൽ അടുത്തിടെ ചുവടുറപ്പിച്ചിരുന്നു.

സർക്കാരിനായി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡാണ് പുതിയ പദ്ധതിനിർദേശങ്ങൾ മുന്നോട്ടുവച്ചത്. അദാനി ഗ്രൂപ്പ് സിമന്റ്, ഗ്രീൻ ഹൈഡ്രജൻ വ്യവസായമേഖലകളിൽ ചുവടുറപ്പിക്കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി നിർദേശങ്ങൾ വിസിൽ മുന്നോട്ടുവച്ചത്. ഹോൾസിം എന്ന സ്വിസ് കമ്പനിക്ക് അംബുജയിലും എ.സി.സിയിലും ഉണ്ടായിരുന്ന ഓഹരികൾ വാങ്ങുന്നതോടെ അദാനി രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് വ്യവസായിയായി മാറുകയാണ്. ഇതോടെയാണ് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് പുതിയ സിമന്റ് പ്ലാന്റ് എന്ന നിർദേശം കൂടിക്കാഴ്ചയിൽ സംസ്ഥാനം മുന്നോട്ടുവച്ചത്.

ഏറെ ഭൂമി ആവശ്യമില്ലാത്തതിനാൽ വിഴിഞ്ഞം പദ്ധതി പ്രദേശത്തു തന്നെ പ്ലാന്റ് സ്ഥാപിക്കാമെന്നാണ് കണക്കുകൂട്ടൽ. ഫ്രാൻസിലെ ടോട്ടൽ എനർജീസ് എന്ന കമ്പനിയുമായി ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിന് അദാനി ഗ്രൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്. കാർബൺ ബഹിർഗമനമില്ലാത്ത ഊർജ സ്രോതസുകൾ ഉപയോഗിച്ച് വ്യവസായാവശ്യത്തിനായി വിഘടിപ്പിച്ചെടുക്കുന്ന ഹൈഡ്രജനാണ് ഗ്രീൻ ഹൈഡ്രജൻ. ഹരിത ഹൈഡ്രജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാരിന് പദ്ധതിയുമുണ്ട്.

ഇതും പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാനത്ത് പലയിടത്തായി ഹരിത ഹൈഡ്രജൻ പ്ലാന്റുകൾ തുടങ്ങാമെന്ന നിർദേശം വിസിൽ മുന്നോട്ടുവച്ചത്. രണ്ട് നിർദേശങ്ങളോടും കൂടിക്കാഴ്ചയിൽ കരൺ അദാനി താൽപര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ തുടർപഠനം നടത്തുമെന്നും വ്യക്തമാക്കി. കൂടുതൽ പഠനത്തിനുശേഷം പദ്ധതികളുടെ വിശദാംശങ്ങളിൽ അദാനി ഗ്രൂപ്പ് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും കരൺ അദാനിക്കും പുറമെ ചീഫ് സെക്രട്ടറി വി.പി.ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കർ, വിസിൽ എംഡി കെ.ഗോപാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Story Highlights: Adani has expressed interest in setting up cement and green hydrogen plants in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement