Advertisement

ഊരൂട്ടമ്പലം ഗവ. യു.പി സ്കൂൾ പഞ്ചമിയുടെ പേരിൽ അറിയപ്പെടും; ഫെയ്സ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

July 24, 2022
Google News 3 minutes Read
Arya Rajendran's Facebook post about Ooruttambalam govt UP school

കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ. യു.പി സ്കൂൾ ഇനി മുതൽ അറിയപ്പെടുന്നത് പഞ്ചമിയുടെ പേരിലാണെന്ന് അറിയിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. തങ്ങളുടെ കുട്ടികൾക്കും പഠിക്കാൻ അവകാശമുണ്ടെന്ന ധീരമായ പ്രസ്താവനയുമായി 1910 ൽ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് ചെന്നുകയറിയത് ഈ സ്‌കൂളിലേക്കാണ്. അതേ സ്കൂൾ തന്നെ പഞ്ചമിയുടെ പേരിലറിയപ്പെടാൻ പോകുന്നുവെന്നത് കേരളം ഇന്നെത്തിനിൽക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാണെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് ഫ്യൂഡൽ സവർണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ധീരമായ പ്രതിരോധ സമരമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. ( Arya Rajendran’s Facebook post about Ooruttambalam govt UP school )

” ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരെ മഹാത്മാ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ. യുപി സ്കൂൾ ഇനി മുതൽ അദ്ദേഹത്തിന്റെയും അദ്ദേഹം കൈ പിടിച്ചു കൊണ്ടുവന്ന പഞ്ചമിയുടെയും പേരിൽ അറിയപ്പെടും. തങ്ങളുടെ കുട്ടികൾക്കും പഠിക്കാൻ അവകാശമുണ്ടെന്ന ധീരമായ പ്രസ്താവനയുമായി 1910 ൽ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് ചെന്നുകയറിയത് ഈ സ്‌കൂളിലേക്കാണ്. വർഷങ്ങൾക്കിപ്പുറം അതേ സ്കൂൾ അവരുടെ പേരുകളിലറിയപ്പെടാൻ പോകുന്നുവെന്നത് കേരളം ഇന്നെത്തിനിൽക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാണ്.

Read Also: സി.ഇ.ടിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ ജൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നിർമ്മിക്കും; പ്രഖ്യാപനവുമായി ആര്യ രാജേന്ദ്രൻ

കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് ഫ്യൂഡൽ സവർണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ധീരമായ പ്രതിരോധ സമരം. ദളിതൻ കയറിയ സ്കൂൾ ജന്മി മാടമ്പിമാർ തീവെച്ചതിനെ തുടർന്ന് അയ്യങ്കാളി സ്വന്തമായി സ്കൂൾ സ്ഥാപിക്കുകയും “ഞങ്ങളുടെ മക്കൾക്ക് പഠിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിയെടുക്കാൻ ഞങ്ങളില്ല” എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ ചരിത്രത്തിലെ ആദ്യ പണിമുടക്കു സമരവും നടത്തുകയുണ്ടായി.

ഐതിഹാസികമായ ഈ സമരങ്ങൾക്കൊടുവിലാണ് ദളിത് ജനവിഭാഗങ്ങൾക്ക് സ്കൂളിൽ പോകാനും വിദ്യാഭ്യാസം ലഭിക്കാനും പൊതുവിടങ്ങളിൽ സ്വതന്ത്രമായി ഇടപെടാനുമുള്ള അവസരങ്ങൾ ലഭിച്ചുതുടങ്ങിയത്. പ്രബുദ്ധകേരളത്തിന്റെ ചരിത്രമെന്നത് ഇങ്ങനെയുള്ള ഒരുപാട് ജനകീയ സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും ചരിത്രമാണ്. ഊരൂട്ടമ്പലം സ്കൂൾ മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ യുപി സ്കൂൾ ആയി മാറുന്നതും ഈ ചരിത്രത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാകുന്നു. ജാതി, മത, സാമുദായിക ഭേദങ്ങൾക്ക് മുകളിൽ സമത്വത്തിലൂന്നിയ നീതിബോധമുയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമ്മളൊന്നിച്ചു നിൽക്കേണ്ടതുണ്ട്. മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ യുപി സ്കൂൾ ആ പോരാട്ടത്തിൻ്റെ സ്‌മാരകവും പ്രചോദനവുമായി നിലനിൽക്കും”. – ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Story Highlights: Arya Rajendran’s Facebook post about Ooruttambalam govt UP school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here