നിയമം തെറ്റിച്ച് കരുനീക്കി; ചെസ് മത്സരത്തിനിടെ കുട്ടിത്താരത്തിന്റെ വിരലൊടിച്ച് റോബോട്ട്: വിഡിയോ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ നിർമിത ബുദ്ധി മനുഷ്യൻ്റെ മഹത്തായ കണ്ടുപിടുത്തമാണെങ്കിലും അത് തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന ചില വിലയിരുത്തലുകളുണ്ട്. നിർമിത ബുദ്ധിയുടെ മൂർച്ച കൂട്ടുന്നതിലൂടെ മനുഷ്യൻ സ്വയം ശവക്കുഴി വെട്ടുകയാണെന്ന മുന്നറിയിപ്പാണ് പലരും നൽകുന്നത്. അഞ്ച് വർഷത്തിനുള്ളിൽ നിർമിതബുദ്ധി മനുഷ്യരെ മറികടക്കുമെന്ന് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക് മുന്നറിയിപ്പ് നൽകിയത് 2020ലാണ്. ഇത്തരം ആശങ്കകൾ നിലനിൽക്കെയാണ് റഷ്യയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വാർത്ത വരുന്നത്.
ഒരു ചെസ് മത്സരത്തിനിടെ നിർമിത ബുദ്ധി കൊണ്ട് പ്രവർത്തിക്കുന്ന റോബോട്ട് എതിരാളിയായ ഏഴ് വയസുകാരൻ്റെ വിരലൊടിച്ചതാണ് വാർത്ത. മത്സരത്തിനിടെ ഏഴ് വയസുകാരൻ ക്രിസ്റ്റഫർ ഊഴം തെറ്റിച്ച് കരുനീക്കാൻ ശ്രമിച്ചപ്പോഴാണ് റോബോട്ട് ഇടപെട്ടത്. ഈ മാസം 19നാണ് മത്സരം നടന്നത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
തൻ്റെ നീക്കം പൂർത്തിയാവുന്നതിനു മുൻപ് തന്നെ ക്രിസ്റ്റഫർ അടുത്ത നീക്കത്തിനു ശ്രമിച്ചപ്പോൾ റോബോട്ട് കുട്ടിത്താരത്തിൻ്റെ കൈക്ക് മുകളിലേക്ക് തൻ്റെ കൈ എടുത്തുവെക്കുകയാണ്. കൈ തിരികെയെടുക്കാൻ കഴിയാതെ വേദന കൊണ്ടുപുളഞ്ഞ ക്രിസ്റ്റഫറിനെ രക്ഷിക്കാൻ സമീപത്തുള്ളവർ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. മത്സരത്തിന്റെ നിയമാവലി തെറ്റിച്ച് കുട്ടി കരു നീക്കാൻ തുനിഞ്ഞതാണ് പ്രശ്നമായതെന്ന് റഷ്യൻ ചെസ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സെർജി സ്മാഗിൻ പറഞ്ഞു.
Story Highlights: chess robot breaks boy finger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here