ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസില്‍ ഇന്ത്യക്ക് അഭിമാനമായി മലയാളി പെണ്‍കുട്ടി

ഗ്രീസിലെ റോഡ്‌സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി മലയാളി പെണ്‍കുട്ടി. 18 വയസുവരെയുള്ള കുട്ടികള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍-10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമായത്. റാപിഡ് വിഭാഗത്തിലായിരുന്നു ദിവിയുടെ സ്വര്‍ണനേട്ടം. 11 ല്‍ 10 പോയിന്റ് നേടിയാണ് താരം സ്വര്‍ണം നേടിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഒരേയൊരു സ്വര്‍ണം കൂടിയാണിത്. ബ്ലിറ്റ്സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം.
ഒന്‍പത് വയസ്സുകാരിയായ ദിവി ബിജേഷ് തന്റെ സഹോദരന്‍ ദേവനാഥില്‍ നിന്നും അടിസ്ഥാനകാര്യങ്ങള്‍ പഠിച്ച് ഏഴാം വയസ്സിലാണ് ദിവി ചെസ്സ് കളിക്കാന്‍ തുടങ്ങിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചു അന്താരാഷ്ട്ര തലത്തില്‍ 9 സ്വര്‍ണ്ണവും, 5 വെള്ളിയും, 3 വെങ്കലവും ദിവി നേടിയിട്ടുണ്ട്. ഇതിനോടകം വിവിധ മത്സരിങ്ങളിലായി ദിവി അറുപതിലധികം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ നടക്കാന്‍ പോകുന്ന ലോക കപ്പില്‍ മത്സരിക്കുകയാണ് അടുത്ത ലക്ഷ്യം.
തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി. മാസ്റ്റര്‍ ചെസ് അക്കാദമിയിലെ ശ്രീജിത്താണ് പരിശീലകന്‍. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരന്‍ : ദേവനാഥ്
Story Highlights : Malayali girl makes India proud at World Rapid and Blitz Chess
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here