മദ്യനിരോധനമുള്ള ഗുജറാത്തിൽ 15 വർഷത്തിനിടെ വിഷമദ്യ ദുരന്തത്തിൽ മരിച്ചത് 845 പേർ; സർക്കാരിനെതിരെ ആം ആദ്മി

മദ്യനിരോധനമുള്ള ഗുജറാത്തിൽ 15 വർഷത്തിനിടെ വിഷമദ്യ ദുരന്തത്തിൽ മരിച്ചത് 845 പേരെന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയ മദ്യനിരോധനത്തെ ആം ആദ്മി പാർട്ടി ചോദ്യം ചെയ്തു. സംസ്ഥാനത്ത് മദ്യം പരസ്യമായി വിറ്റഴിക്കപ്പെടുകയാണെന്നും ഈ പണം ആരുടെ കൈകളിലേക്കാണ് പോകുന്നതെന്നും ആം ആദ്മി പാർട്ടി എംഎൽഎ സൗരഭ് ഭരദ്വാജ് പറഞ്ഞു. (gujarat hooch tragedy aap)
Read Also: അഹമ്മദാബാദില്‍ വ്യാജ മദ്യദുരന്തം; മരണം 23 കടന്നു
‘മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനമാണ് ഗുജറാത്ത്. 15 വർഷത്തിനിടെ 845ലധികം പേരാണ് ഇവിടെ വ്യാജമദ്യം കഴിച്ച് മരിച്ചത്. ഇത്ര വലിയ മാഫിയ ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് പ്രവർത്തിക്കുന്നത്? മദ്യനിരോധനത്തിലൂടെ സർക്കാരിനുള്ളത് 1500 കോടി രൂപയുടെ നഷ്ടമാണ്. സംസ്ഥാനത്ത് മദ്യം പരസ്യമായി വിൽക്കുകയാണ്. ഈ പണം ആരുടെ കൈകളിലേക്കാണ് പോകുന്നത്? ഡൽഹി സർക്കാർ കൊണ്ടുന്ന പുതിയ എക്സൈസ് നയത്തിൽ ചിലർ അതൃപ്തരാണ്. ഡൽഹിയിലെ നിയമാനുസൃതമായ മദ്യഷോപ്പുകൾ മാറ്റി പഴയതുപോലെ ആക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇപ്പോൾ ഡൽഹിയിലുള്ളത് 468 മദ്യ ഷോപ്പുകളാണ്. അത് നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ കുറവാണ്.’- സൗരഭ് ചോദിച്ചു.
ഗുജറാത്തിൽ അഹമ്മദാബാദില്ലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 28 കടന്നു. തിങ്കളാഴ്ച മുതൽ ധന്ധുക താലൂക്കിലെ മാത്രം അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാവ്‌നഗർ, ബോട്ടാഡ്, ബർവാല, ധന്ദുക എന്നിവിടങ്ങളിലെ വിവിധ സർക്കാർ ആശുപത്രികളിൽ 30 ഓളം പേർ ഇപ്പോഴും ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
Read Also: ഗുജറാത്തിൽ വിഷമദ്യ ദുരന്തം; 4 മരണം
വ്യാജ മദ്യം നിർമ്മിച്ച് വിൽപന നടത്തിയതിന് ബോട്ടാഡ് ജില്ലയിൽ നിന്നുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വ്യാജമദ്യമുണ്ടാക്കിയവരെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഭാവ്‌നഗർ റേഞ്ച് ഐജി പറഞ്ഞു.
വ്യാജമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അനുശോചനമറിയിച്ചു. 40ലധികം പേരെ ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഭാവ്‌നഗറിലെ ആശുപത്രി സന്ദർശിക്കുമെന്നും എഎപി നേതാവ് പറഞ്ഞു.
Story Highlights: gujarat hooch tragedy aap response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here