ചാക്കോച്ചന്റെ വൈറൽ ചുവടുകൾ അനുകരിച്ച് ദുൽഖർ സൽമാനും; വിഡിയോ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി..” എന്ന ഗാനമാണ്. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തിരിക്കുന്നത്. ഇതേ ഗാനത്തിന് ചുവടുവച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ‘സീതാരാമം’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയതായിരുന്നു താരം. ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു.
ആരാധകരുടെ ആവശ്യപ്രകാരമാണ് ദുൽഖർ വേദിയിൽ “ദേവദൂതർ പാടി..”എന്ന ഗാനത്തിന് ചുവടുവച്ചത്. ആദ്യം പാട്ട് പാടുകയും പിന്നീട് നൃത്തം ചെയ്യുകയുമായിരുന്നു. ദുൽഖറിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു. 37 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിൽ ഇറങ്ങിയ ‘ദേവദൂതർ പാടി’ എന്ന ഗാനം പുനർസൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഒഎൻവിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകർന്നിരിക്കുന്നത്.
നേരത്തെ ഗാനത്തിന് ചുവട് വെച്ചതിനെ പറ്റി കുഞ്ചാക്കോ ബോബനും മനസ്സ് തുറന്നിരുന്നു. കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്ന് താരം പറഞ്ഞു. തെറ്റിച്ച് ഡാൻസ് ചെയ്യുക എന്നതായിരുന്നു ഇതിലെ ശരി എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.നേരത്തെ നടൻ മമ്മൂട്ടിയെ പാട്ട് കാണിച്ച് സമ്മതം വാങ്ങിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗാനം ഏറെ ഇഷ്ടമായെന്നും അതിന് ശേഷം ഗാനം റിലീസായതിന് ശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിളിച്ച് അഭിനന്ദിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
Story Highlights: dulquer salmaan dancing video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here