പ്രവീൺ നെട്ടാർ കൊലപാതകം: ആവശ്യമെങ്കിൽ യോഗി മോഡൽ നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ആവശ്യമെങ്കിൽ യോഗി മാതൃക കർണാടകയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ദേശവിരുദ്ധരെയും വർഗീയതയെയും നേരിടാൻ യോഗി മാതൃക ദക്ഷിണേന്ത്യൻ സംസ്ഥാനത്തും നടപ്പാക്കാൻ സർക്കാരിന് കഴിയും. ഉത്തർപ്രദേശിലെ സാഹചര്യത്തിന് അനുയോജ്യമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും ബൊമ്മൈ പറഞ്ഞു.
യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറിൻ്റെ കൊലപാതകത്തിന് പിന്നാലെ വലിയ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ഹിന്ദു പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപിയുടെയും സംഘപരിവാർ അനുകൂലികളുടെയും ഒരു വിഭാഗം വിമർശിച്ചു. ഇതിന് പിന്നാലെയാണ് യോഗി മോഡൽ എന്ന ആവശ്യം ഉയർന്നുവന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്വീകരിച്ച ശക്തമായ നടപടികളാണ് യോഗി മാതൃകയിൽ പ്രതിഫലിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് തീരദേശ ജില്ലയിലെ ബെല്ലാരെയിലെ ഇറച്ചിക്കോഴി കടയ്ക്ക് മുന്നിൽ വെച്ച് ബൈക്കിലെത്തിയ മൂന്ന് പേർ ചേർന്ന് ജില്ലാ ബിജെപി യുവമോർച്ച കമ്മിറ്റി അംഗം പ്രവീൺ നെട്ടാറിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അഞ്ച് സംഘങ്ങളെ രൂപീകരിച്ച് കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ഈ വർഷം ആദ്യം ശിവമോഗയിൽ നടന്ന കൊലപാതക കേസിലെ പോലെ കുറ്റവാളികളെ ഉടൻ പിടികൂടി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: If Needed, Will Use “Yogi Adityanath Model”: Karnataka Chief Minister