കളമശേരി ബസ് കത്തിക്കല്‍; മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി

കളമശേരി ബസ് കത്തിക്കലില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. കൊച്ചി എന്‍ഐഎ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിക്കുന്നതായി പ്രതികള്‍ കോടതിയെ അറിയിച്ചു. തടിയന്റവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവരാണ് കുറ്റക്കാര്‍.
കേസില്‍ അഞ്ചാം പ്രതിയായ കെ.എ.അനൂപിന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആറ് വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികള്‍ പല കേസുകളിലായി തടവില്‍ തുടരുന്നതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. 2010ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ല്‍ മാത്രമാണ് തുടങ്ങിയത്.
തടിയന്റവിട നസീര്‍, സൂഫിയ മഅ്ദനി ഉള്‍പ്പെടെ 13 പ്രതികളുടെ വിചാരണയായിരുന്നു നടന്നിരുന്നത്. 2005 സെപ്റ്റംബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തത്.
Read Also: ക്യാമ്പസിനെ ഇളക്കി മറിച്ച് ചാക്കോച്ചൻ; ഒരിക്കൽ കൂടി വൈറലായി “ദേവദൂതർ പാടി..”
നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാന്‍ നസീര്‍ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല. പിന്നീട് കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുല്‍ റഹീമിനെയും കുറ്റപത്രത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മഅ്ദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താം പ്രതിയാണ്. ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേര്‍ത്ത് 2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പൊലീസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകള്‍ പിന്നീട് കാണാതായി.
Story Highlights: Kalamasery bus burning; Three accused were found guilty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here