Advertisement

‘ഇങ്ങനെയും ചില മനുഷ്യരുണ്ട്; കരീമിക്കയെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി മന്ത്രി റോഷി അഗസ്റ്റിന്‍

July 28, 2022
Google News 2 minutes Read
roshy augustine facebook post about kareemikka

സെക്രട്ടേറിയറ്റിന് മുന്നില്‍ തിരക്കുകളില്ലാതെ വാഹനങ്ങളെ നിയന്ത്രിച്ച് കയറ്റി വിടുന്ന ഒരു മനുഷ്യനുണ്ട്. കരീമിക്ക. വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ഒരു പോലെ സുപരിചിതനായ മനുഷ്യന്‍. അവധി ദിവസങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നില്‍ ഹാജരുള്ള, ഒരു ട്രാഫിക് പൊലീസുകാരന്റെ ഉത്തരവാദിത്വം സ്വയം നിര്‍വഹിക്കുന്ന കരീമിക്കയെ കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവക്കുകയാണ് മന്ത്രി റോഷി അഗസ്റ്റിന്‍.

‘സെക്രട്ടേറിയറ്റിന് മുന്നില്‍ എപ്പോഴും കരീമിക്ക ഉണ്ടാകും, ഒരു ട്രാഫിക് പൊലീസുകാരന്റെ ഉത്തരവാദിത്വം സ്വയം നിര്‍വഹിച്ചു കൊണ്ട്. വാഹനങ്ങള്‍ നിയന്ത്രിച്ചു കയറ്റി വിടുമ്പോള്‍ ഒരു സലാം തരും. തിരിച്ചൊരു അഭിവാദ്യം, അതു മാത്രമാണ് കരീമിക്ക ആഗ്രഹിക്കുന്ന പ്രതിഫലം. സെക്രട്ടേറിയറ്റില്‍ എത്തുന്ന എല്ലാവരും ഒരിക്കലെങ്കിലും കരീമിക്കയെ കണ്ടിട്ടുണ്ടാകും. മന്ത്രിമാരുടെ മാത്രമല്ല, എല്ലാവരുടെയും വാഹനങ്ങള്‍ക്ക് കരീമിക്ക വഴി കാട്ടിയിട്ടുണ്ടാകും. പൊരിവെയിലത്തും പെരുമഴയത്തും തന്റെ നിയോഗം പോലെ അയാളുണ്ടാകും അവിടെ.

കര്‍ക്കടക വാവ് പ്രമാണിച്ച് സെക്രട്ടേറിയറ്റിന് അവധിയാണ്. ഓഫീസിലെത്തിയപ്പോള്‍ ഇന്നും കരീമിക്ക ഹാജര്‍. ഇടയ്ക്ക് ഒരു കട്ടന്‍ ചായ കുടിക്കാന്‍ എന്റെ ഓഫീസിലുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങിയപ്പോള്‍, പതിവ് തിരക്ക് ഇല്ലാത്തതു കൊണ്ടാകും അദ്ദേഹവും ഒപ്പം കൂടി. ഒരു ചായ നീട്ടിയപ്പോള്‍ ‘എനിക്കോ’ എന്ന് ചോദിച്ച് അത്ഭുതപ്പെട്ടു. ‘അതിനെന്താ ഒരു ചായ കുടിക്കാം’ എന്നു പറഞ്ഞപ്പോള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. തിരിച്ചു സെക്രട്ടേറിയറ്റ് നടവരെ ഞങ്ങളെ അനുഗമിച്ച് അദ്ദേഹം വീണ്ടും കര്‍മ നിരതനായി.

Read Also: വിമർശനം കാര്യമാക്കുന്നില്ല, ലോകത്തിൻ്റെ മുഴുവൻ സ്നേഹം തനിക്ക് വേണം; നഞ്ചിയമ്മ

ഈ ബലിതര്‍പ്പണ ദിനത്തില്‍ കരീമിക്കയുടെ കഥകള്‍ പുതിയ അനുഭവമായി. ഇങ്ങനെയും ചില മനുഷ്യരുണ്ട്. അവര്‍ കൂടി ചേരുമ്പോഴാണ്, അവരെ ചേര്‍ത്തു പിടിക്കുമ്പോഴാണ് നമ്മുടെ ലോകം സുന്ദരമാകുന്നത്….’. റോഷി അഗസ്റ്റില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Story Highlights: roshy augustine facebook post about kareemikka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here