Advertisement

‘തെയ്യം പോലുള്ള കലകൾ പ്രദർശന വസ്തുവാക്കരുത്; കലാകാരന്മാർ അത് അനുവദിക്കരുത്’ : അടൂർ ഗോപാലകൃഷ്ണൻ

July 29, 2022
Google News 1 minute Read

തെയ്യം ഉൾപ്പെടെയുള്ള അനുഷ്ഠാന കലകളെ പ്രദർശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇത്തരത്തിൽ പ്രദർശന വസ്തുക്കളാക്കാൻ കലാകാരന്മാരും തെയ്യവുമായി ബന്ധപ്പെട്ടവരും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേർന്ന് പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വരവിളി എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായ്‌മൊഴിയിലൂടെ കൈമാറിവന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും അടുത്ത തലമുറക്ക് പകർന്നു കൊടുക്കുന്നതിനുമായി യൂനസ്‌കോ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി കൂടിയാട്ടമാണ് പദ്ധതിയിൽ ഇടംപിടിച്ചത്. അത്തരത്തിൽ യൂനസ്‌കോയുടെ അംഗീകാരത്തിന് അർഹതയുള്ള കലാരൂപമാണ് തെയ്യം. തെയ്യത്തെ യൂനസ്‌കോയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണം. യുനസ്‌കോ പദ്ധതിയിൽ ഇടംപിടിക്കാൻ സാധിച്ചാൽ കലാകാരന്മാർക്ക് വലിയ സഹായങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തെയ്യം കലാകാരന്മാരെ കലാകാരന്മാരായി അംഗീകരിക്കാത്ത സാഹചര്യമായിരുന്നു. ഈ അവസ്ഥക്ക് മാറ്റം വന്നു. അവരെ കലാകാരന്മാരായി അംഗീകരിക്കുകയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുകയും ഒക്കെ ചെയ്തത് സന്തോഷമുള്ള കാര്യമാണ്. തെയ്യം കലാ അക്കാദമി രൂപീകരിച്ചതും വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണ്.

കേരളത്തിലെ അനുഷ്ഠാന കലകളെക്കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ലെന്നും അടൂർ ചൂണ്ടിക്കാട്ടി. വളരെ ലോലമായ സൗന്ദര്യാത്മകതയുള്ള കലാരൂപമായ തെയ്യം പഠിച്ചു പ്രചരിപ്പിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ആരംഭിച്ച വരവിളി ഓഗസ്റ്റ് ഒന്നിന് സമാപിക്കും. തെയ്യം കലയെ അടിസ്ഥാനമാക്കി മ്യൂറൽ പെയിന്റിംഗ്, ചിത്ര രചന, ഫോട്ടോഗ്രാഫി പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, മുഖത്തെഴുത്ത്, നാടൻ പാട്ട്, തോറ്റംപാട്ട് എന്നിവയിൽ വിദഗ്ദ്ധരും പരിചയ സമ്പന്നരും പങ്കെടുക്കുന്ന ശിൽപ്പശാലകൾ, അണിയല കാഴ്ചകൾ, വൈകുന്നേരങ്ങളിൽ സാംസ്‌കാരിക സമ്മേളനങ്ങൾ കലാവതരണങ്ങൾ എന്നിവയും വരവിളിയുടെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. ഉദ്ഘാടനചടങ്ങിൽ നടനഗ്രാമം സെക്രട്ടറി ശബ്‌ന ശശിധരൻ സ്വാഗതം പറഞ്ഞു. തെയ്യം കലാ അക്കാദമി ചെയർമാൻ എ.പി. ശ്രീധരൻ, വൈസ് ചെയർമാൻ വി.കെ. മോഹനൻ, നടനഗ്രാമം ഭരണസമിതി അംഗങ്ങളായ എൻ.എസ്. വിനോദ്, ടി. ശശിമോഹൻ, തെയ്യം കലാ അക്കാദമി ട്രഷറർ ഷിജു തുടങ്ങിയവർ പങ്കെടുത്തു. വരവിളിയുടെ രണ്ടാം ദിവസമായ ഇന്ന് മുഖത്തെഴുത്ത് സംബന്ധിച്ചും തോറ്റംപാട്ട് സംബന്ധിച്ചും ശില്പശാലകൾ നടക്കും. വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും. ചിത്രാ മോഹൻ അവതരിപ്പിക്കുന്ന ശബരിമോക്ഷം കേരളനടനം, യോഗാചാര്യൻ ബാലകൃഷ്ണൻ പിണറായിയുടെ നേതൃത്വത്തിലുള്ള യോഗാനൃത്തം, വടക്കൻ കളരി മാമാങ്കം, പ്രൊഫ ഗായത്രി വിജയലക്ഷ്മിയുടെ ചതുർമുഖി ഭാരതനാട്യം എന്നിവ അരങ്ങേറും.

Story Highlights: adoor about theyyam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here