Advertisement

സഹകരണ സ്ഥാപനങ്ങളെ സിപിഐഎം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റി: കെ.സുരേന്ദ്രന്‍

July 29, 2022
Google News 2 minutes Read
Karuvannur K Surendran against cpim

കേരളത്തിലെ സഹകരണ മേഖലയെ സിപിഐഎം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപത്തുക പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ചികിത്സകിട്ടാതെ ഫിലോമിന എന്ന സ്ത്രീ മരിച്ച സംഭവം ഈ അഴിമതിയുടെ ഫലമാണ്. മുപ്പത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപം ഉണ്ടായിരുന്നിട്ട് കൂടി ഒരു അടിയന്തിര ഘട്ടത്തില്‍ അവര്‍ക്ക് അത് പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു ( Karuvannur K Surendran against cpim ).

കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറ്റിയ സിപിഐഎമ്മാണ് ഈ മരണത്തിന്റെ ഉത്തരവാദി. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും കേരളാ പൊലീസ് ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഇപ്പോള്‍ മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി ഉള്‍പ്പടെ 11,000ത്തോളം പേരുടെ 312 കോടിയുടെ നിക്ഷേപമായിരുന്നു കരുവന്നൂര്‍ ബാങ്ക് വിഴുങ്ങിയതെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സിപിഐഎം അടക്കി വാഴുന്ന കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിലെ പച്ചയായ യാഥാര്‍ഥ്യമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. സിപിഐഎം നിയന്ത്രിക്കുന്ന സാമ്പത്തിക സാമ്രാജ്യങ്ങളാണ് സഹകരണ ബാങ്കുകള്‍. അവിടെ കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതിപ്പണം സൂക്ഷിക്കല്‍ മുതലായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നിര്‍ലോഭം നടക്കുന്നു. സുതാര്യത ഉറപ്പാക്കാതെ കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 164 സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സര്‍ക്കാരിന്റെ കണക്ക് അപൂര്‍ണമാണ്. കേരളത്തിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും പ്രതിസന്ധിയിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മന്ത്രി വാസവന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

സഹകരണ മേഖലയെ രാഷ്ട്രീയ മുക്തമാക്കിയാല്‍ മാത്രമേ ഇത്തരം അഴിമതി പരമ്പര അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ നിക്ഷേപകരെയും അണിനിരത്തി ബിജെപി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: Karuvannur K Surendran against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here