ബെല്ലാരെയിലെ യുവമോർച്ച നേതാവിൻറെ കൊലപാതകം; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

കർണാടക ബെല്ലാരെയിലെ യുവമോർച്ച നേതാവിൻറെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസിൽ നിലവിൽ അറസ്റ്റിലായവരെ കൂടാതെ 15 എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതക സംഘത്തിനായി കാസർഗോഡ് ഉൾപ്പടെ കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തിൻറെ അന്വേഷണം പുരോഗമിക്കുകയാണ്. പുത്തൂരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡ മേഖലയിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ആകെ 21 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. (yuvamorcha murder more arrest)
യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗം പ്രവീൺ നെട്ടാരുവി(26)നെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത ബെല്ലാരെയിൽ ബൈക്കിലെത്തിയ വെട്ടിക്കൊന്നത്. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമിസംഘം എത്തിയതെന്നാണ് പൊലീസിന് ലഭിച്ചവിവരം. ഇതോടെ കേരളത്തിലേക്കും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിനായി കേരള പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ നാലു സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
Read Also: മംഗളൂരുവിലെ സുറത്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു
ബെല്ലാരെയിലെ അക്ഷയ പൗൾട്രി ഫാം ഉടമയായ പ്രവീൺ ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടർ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടു പേർ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം ഇവർ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴുത്തിന് ആഴത്തിൽ വെട്ടേറ്റ പ്രവീൺ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
അതേസമയം, ഇന്നലെ മംഗളൂരുവിലെ സുറത്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു. സുറത്ക്കൽ സ്വദേശി ഫാസിലാണ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. കൊലപാതകത്തിന് പിന്നിൽ അഞ്ചംഗ സംഘമെന്ന് പ്രാഥമിക നിഗമനം. കൊലപാകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. രാഷ്ട്രീയ കൊലപാതകമാണോയെന്നതിൽ ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഫാസിലിനെ പിന്തുടർന്നെത്തിയ സംഘം സുറത്ക്കലെ ഒരു തുണിക്കടയുടെ മുന്നിൽ വച്ച് ക്രൂരമായി വെട്ടി. ആക്രമണത്തിൽ പരിക്കേറ്റ ഫാസിലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. ബിജെപി യുവനേതാവിന്റെ കൊലപാതകത്തെ തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലയിലിരിക്കെയാണ് സംഭവമെന്നതും ശ്രദ്ധേയമാണ്.
Story Highlights: yuvamorcha murder more arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here