‘അഴിമതി ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ’; 10 വർഷം കരുവന്നൂർ ബാങ്ക് ഭരണസമിതിയംഗമായിരുന്ന കെവി സുഗതൻ 24നോട്

കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ ഭരണസമിതി അംഗങ്ങൾക്ക് ഒരു പങ്കുമില്ല എന്ന് പത്ത് വർഷം കരുവന്നൂർ ബാങ്ക് ഭരണസമിതിയംഗമായിരുന്ന കെ വി സുഗതൻ 24നോട്. അഴിമതി നടത്തിയത് ബാങ്ക് സെക്രട്ടറി സുനിൽകുമാറിൻറെ നേതൃത്വത്തിലാണ്. മിനുട്സ് കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആ പരിപ്പ് ഇവിടെ വേവില്ലെന്നായിരുന്നു മറുപടി എന്നും കെവി സുഗതൻ പറഞ്ഞു. (karuvannur bank fraud sugathan)
സുനിൽകുമാറും സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന സി കെ ചന്ദ്രനുമാണ് ബാങ്ക് കൊണ്ടുനടന്നിരുന്നത്. വലിയ ലോണുകൾ നൽകിയത് ഭരണസമിതി അംഗങ്ങളുടെ അറിവില്ലാതെയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ ബാങ്കിലേക്ക് കയറിവന്ന പലരും ഇപ്പോൾ വലിയ ആസ്തിയുള്ളവരായി. ഭരണസമിതി അംഗങ്ങളുടെ ജീവിതം ഇപ്പോഴും പഴയപടി തന്നെയാണ്. ക്രമക്കേടിനെ കുറിച്ച് സിപിഐഎം-സിപിഐ നേതൃത്വത്തോട് അന്നേ പറഞ്ഞിരുന്നതാണ്. എല്ലാം പഴയപടി തുടരട്ടേ എന്നായിരുന്നു നേതൃത്വത്തിൻറെ മറുപടി എന്നും അദ്ദേഹം പ്രതികരിച്ചു.
ഇപ്പോൾ സെക്യൂരിറ്റിയായാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് സുഗതൻ വെളിപ്പെടുത്തി. കിഡ്നി രോഗബാധിതനാണ് വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. എഴുപത്തിയെട്ട് ദിവസം ജയിലിൽ കഴിഞ്ഞു. കേസ് നടത്തി കടം കയറി. ഇപ്പോൾ മാപ്രാണത്ത് സെക്യൂരിറ്റിയായാണ് ജോലി ചെയ്യുന്നതെന്നും മുൻ ഭരണസമിതിയംഗം പറഞ്ഞു.
കരുവന്നൂർ ബാങ്കിലെ ഭരണസമിതി റബ്ബർ സ്റ്റാമ്പ് ആയിരുന്നു എന്ന് ഭരണസമിതിയിലെ വനിതാ അംഗം മിനി നന്ദനും പ്രതികരിച്ചു. കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെക്രട്ടറി സുനിൽ കുമാർ. ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർട്ടി നേതൃത്വത്തെ കൃത്യമായി അറിയിച്ചിരുന്നു. എന്നാൽ, നേതൃത്വം നടപടിയെടുക്കാൻ തയ്യാറായില്ലെന്നും മിനി നന്ദൻ 24നോട് പറഞ്ഞു.
ലോണുകളെപ്പറ്റി ഭരണസമിതി അംഗങ്ങൾക്ക് അറിവുണ്ടായിരുന്നില്ല എന്ന് മിനി നന്ദൻ പറഞ്ഞു. ഈ വലിയ ലോണുകളൊന്നും നമ്മുടെ മുന്നിൽ വന്നിട്ടില്ല. കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെക്രട്ടറി സുനിൽകുമാർ ആയിരുന്നു. ഭരണസമിതി വെറും റബർ സ്റ്റാംപ് ആയിരുന്നു. ഒരു ഒപ്പിട്ടിട്ട് അടുത്ത ഒപ്പ് പിന്നീട് ഇടാമെന്ന് പറയും. ബോർഡ് മീറ്റിംഗിൽ വന്നിരുന്നത് പരമാവധി പത്ത് ലക്ഷം വരെയുള്ള ലോൺ അപേക്ഷകൾ. മിനുട്സ് ബുക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇക്കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ കൃത്യമായി അറിയിച്ചതുമാണ്, നടപടി ഉണ്ടായില്ല. അഞ്ഞൂറ് രൂപ സിറ്റിംഗ് ഫീസ് കിട്ടുന്നതുകൊണ്ടാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. താൻ ജോലി ചെയ്യുന്നതുകൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. കേസിൽ പെട്ടതിനാൽ ഏഴ് മാസം കുടുംബത്തെ വിട്ടുനിൽക്കേണ്ടി വന്നു. 58 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. ഭരണസമിതി അംഗങ്ങൾക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് സാധാരണക്കാരുടെ വിശ്വാസം. കരുവന്നൂർ ബാങ്കിൽ ആധാരം പണയം വച്ച് ലോണെടുത്തതിന് ജപ്തി ഭീഷണിയുണ്ടെന്നും മുൻ ഭരണസമിതിയംഗം 24നോട് പ്രതികരിച്ചു.
Story Highlights: karuvannur bank fraud kv sugathan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here