കരുവന്നൂർ ബാങ്ക് അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായിരുന്ന എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിനുശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. (karuvannur bank scam court)
കേസ് സിപിഐഎം നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും, അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. നേരത്തെ സർക്കാരും ബാങ്കും ഈ ആവശ്യത്തെ എതിർത്തിരുന്നു. ഏതാനും നിക്ഷേപകർ നൽകിയ മറ്റൊരു ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്നറിയിക്കാൻ കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതി നിർദ്ദേശം നൽകിയിരുന്നു. വിഷയത്തിൽ സർക്കാരിന് എന്ത് ചെയ്യാൻ കഴിയുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ടി.ആർ. രവി നിർദേശം നൽകിയിരുന്നു.
കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ ഭരണസമിതി അംഗങ്ങൾക്ക് ഒരു പങ്കുമില്ല എന്ന് പത്ത് വർഷം കരുവന്നൂർ ബാങ്ക് ഭരണസമിതിയംഗമായിരുന്ന കെ വി സുഗതൻ 24നോട് പറഞ്ഞു. അഴിമതി നടത്തിയത് ബാങ്ക് സെക്രട്ടറി സുനിൽകുമാറിൻറെ നേതൃത്വത്തിലാണ്. മിനുട്സ് കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആ പരിപ്പ് ഇവിടെ വേവില്ലെന്നായിരുന്നു മറുപടി എന്നും കെവി സുഗതൻ പറഞ്ഞു.
സുനിൽകുമാറും സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന സി കെ ചന്ദ്രനുമാണ് ബാങ്ക് കൊണ്ടുനടന്നിരുന്നത്. വലിയ ലോണുകൾ നൽകിയത് ഭരണസമിതി അംഗങ്ങളുടെ അറിവില്ലാതെയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ ബാങ്കിലേക്ക് കയറിവന്ന പലരും ഇപ്പോൾ വലിയ ആസ്തിയുള്ളവരായി. ഭരണസമിതി അംഗങ്ങളുടെ ജീവിതം ഇപ്പോഴും പഴയപടി തന്നെയാണ്. ക്രമക്കേടിനെ കുറിച്ച് സിപിഐഎം-സിപിഐ നേതൃത്വത്തോട് അന്നേ പറഞ്ഞിരുന്നതാണ്. എല്ലാം പഴയപടി തുടരട്ടേ എന്നായിരുന്നു നേതൃത്വത്തിൻറെ മറുപടി എന്നും അദ്ദേഹം പ്രതികരിച്ചു.
ഇപ്പോൾ സെക്യൂരിറ്റിയായാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് സുഗതൻ വെളിപ്പെടുത്തി. കിഡ്നി രോഗബാധിതനാണ് വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. എഴുപത്തിയെട്ട് ദിവസം ജയിലിൽ കഴിഞ്ഞു. കേസ് നടത്തി കടം കയറി. ഇപ്പോൾ മാപ്രാണത്ത് സെക്യൂരിറ്റിയായാണ് ജോലി ചെയ്യുന്നതെന്നും മുൻ ഭരണസമിതിയംഗം പറഞ്ഞു.
Story Highlights: karuvannur bank scam high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here