അപൂർവ രോഗം കാരണം കണ്ണ് നഷ്ടപ്പെട്ടു; പരിഹാസങ്ങൾക്കൊടുവിൽ സ്വർണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കി ഡാനി

നഷ്ടപ്പെട്ട കണ്ണുകൾക്ക് പകരം സ്വർണം കൊണ്ടുള്ള കണ്ണുകൾ സ്വന്തമാക്കി ലിവർപൂൾ സ്വദേശിനി ഡാനി വിന്‍റോ. ആറു മാസം പ്രായമുള്ളപ്പോൾ ഒരു അപൂർവ രോഗം ബാധിച്ചാണ് ഡാനിയ്ക്ക് കണ്ണുകൾ നഷ്ടപെട്ടത്. റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദ രോഗമായിരുന്നു ഡാനിയെ ബാധിച്ചിരുന്നത്. മറ്റു ശരീര ഭാഗങ്ങളിലേക്ക് അര്‍ബുദം പടരാതിരിക്കാന്‍ വലത് കണ്ണ് നീക്കം ചെയ്തു പകരം കൃത്രിമ കണ്ണ് വെക്കുകയായിരുന്നു. എന്നാൽ കുഞ്ഞുനാൾ മുതൽ ഈ കൃത്രിമ കണ്ണിന്റെ പേരിൽ പരിഹാസങ്ങളും മാറ്റിനിർത്തലുകളും ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് ഡാനിയ്ക്ക്. തുടർന്ന് ജോലി ചെയ്തു തുടങ്ങിയപ്പോഴും ഈ പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ഇത് ഡാനിയെ ഏറെ വിഷമിപ്പിച്ചെങ്കിലും മുന്നോട്ടുള്ള യാത്രയിൽ നിന്ന് പിന്മാറാനോ തളരാനോ അവൾ തയ്യാറായില്ല. ഒടുവിൽ സ്വർണം കൊണ്ടുള്ള കൃത്രിമ കണ്ണ് വെച്ചിരിക്കുകയാണ് ഡാനി. കുഞ്ഞുനാളിലെ കുട്ടികളുടെ പരിഹാസത്തെക്കാൾ തന്നെ ഏറെ തളർത്തിയതും വിഷമിപ്പിച്ചതും മുതിർന്നവരുടെ വാക്കുകളായിരുന്നു എന്നും ഈ ഇരുപത്തിയഞ്ചുവയസുകാരി പറയുന്നു.
ഇടയ്ക്ക് ഡാനി ബാറിൽ ജോലി ചെയ്തിരുന്നു. അവിടെ വെച്ച് ആളുകളിൽ നിന്ന് നേരിട്ട പരിഹാസമാണ് ഈ അവസ്ഥ ഇനി സഹിക്കാൻ പറ്റില്ലെന്ന തീരുമാനത്തിൽ ഡാനിയെ എത്തിച്ചത്. തുടര്‍ന്ന് 162 പൗണ്ട് അതായത് 15,629 രൂപ മുടക്കിയാണ് നാഷനല്‍ ആര്‍ട്ടിഫിഷ്യല്‍ ഐ സര്‍വീസില്‍ നിന്നാണ് ഈ സ്വര്‍ണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ കൃത്രിമക്കണ്ണിലെ കൃഷ്ണമണിയാണ് സ്വർണം കൊണ്ട് ഒരുക്കിയിരിക്കുന്നത്. തന്‍റെ ഈ തീരുമാനത്തെ മാതാപിതാക്കളും കൂട്ടുകാരും തുണച്ചെന്നും ഏറ്റവും മികച്ച രീതിയിൽ ജീവിക്കുമെന്നും ഡാനി വ്യക്തമാക്കി. സ്വര്‍ണ്ണ കണ്ണ് വച്ച ശേഷമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
Story Highlights: women swapped her false eye for sparkly gold version
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here