മൂന്നിലവ് പഞ്ചായത്തില്‍ ഉണ്ടായത് വ്യാപക നാശം; അഞ്ചിടങ്ങളിൽ ഉരുള്‍പൊട്ടല്‍

മൂന്നിലവ് പഞ്ചായത്തില്‍ ഉണ്ടായത് വ്യാപക നാശം. അഞ്ചിടങ്ങളിൽ ഉരുള്‍പൊട്ടല്‍. റോഡുകള്‍ പലതും ഒലിച്ചു പോയി. മൂന്നിലവ് ചപ്പാത്ത് പാലം വഴിയുള്ള ഗതാഗതം നിലച്ചു. 400ലേറെ കുടുംബങ്ങള്‍ ദുരിതത്തിലും ഉരുള്‍പൊട്ടല്‍ ഭീതിയിലുമാണ് ഇവിടെ കഴിയുന്നത് ( Landslides in five places moonnilavu ).
കടപുഴ, ഇരുമാപ്ര, കവനശേരി, വെള്ളറം, മങ്കൊമ്പ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇരുമാപ്ര കയ്യാലയ്ക്കകത്ത് ജെയ്‌നമ്മ ഹെസക്കിയേലിന്റെ വീടിന് സമീപവും കടപുഴ മുടക്കുന്ന് ഭാഗം പൊടിപാറയിൽ സിബിയുടെ പുരയിടത്തിലും കവനശേരിയിൽ ബെന്നിയുടെ പുരയിടത്തിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വീട്ടുകാർ അയൽവീടുകളിലേക്ക് മാറി.
ജോയി ഇലവുംമാക്കൽ, റോയി കാവുംവാതുക്കൽ, മേരി മാടക്കല്ലുങ്കൽ, ജോൺസൺ ഇലവുംമാക്കൽ, കെ.ഐ.ജോർജ് കാട്ടിപ്ലാക്കൽ, സാം കാവനാശ്ശേരിൽ, ജോൺസൺ പന്തക്കല്ലുങ്കൽ, ചാകോംപ്ലാക്കൽ വത്സമ്മ സാമുവേൽ, പി.ജെ.ജോസഫ് പുതുപറമ്പിൽ, സിബി കളപ്പുരക്കപ്പറമ്പിൽ, ഷിന്റോ എള്ളൂർ എന്നിവരുടെ വീടുകൾക്കും നഷ്ടമുണ്ടായി. മെച്ചാൽ ഗവ.എൽപി സ്കൂൾ, ഇരുമാപ്ര സിഎംഎസ് എൽപി സ്കൂൾ, ഇരുമാപ്രമറ്റം സിഎസ്ഐ പള്ളി പാരിഷ് ഹാൾ എന്നിവിടങ്ങളിലായി 25 കുടുംബങ്ങളിലെ കുട്ടികളുൾപ്പെടെ 60 പേരുണ്ട്. വാളകം പള്ളിക്കുന്നേൽ സുരേഷിന്റെ വീട് ഉരുൾപൊട്ടലിൽ നശിച്ചു. മേച്ചാൽ മുടിക്കുന്നേൽ പൊടിപ്പാറയിൽ സന്തോഷിന്റെ വീടിന് സമീപത്തൂടെയാണ് ഉരുൾ പോയത്. വെള്ളറ ചാകോംപ്ലാക്കൽ വൽസമ്മ സാമുവേലിന്റെ വീട് തകർന്നു.
വാകക്കാട് കളത്തുക്കടവ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലായി. വാകക്കാട് വയംമ്പള്ളി ഔസേപ്പന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലെ പന്നികൾ ഒഴുകിപ്പോയി. രണ്ട് എരുമകളും വെള്ളപ്പൊക്കത്തിൽ ചത്തു. ഇദ്ദേഹത്തിന്റെ കാറും ഓട്ടോറിക്ഷയും വെള്ളവും ചെളിയും കയറി നശിച്ചു. തലനാട് പഞ്ചായത്തിലെ ചോനമല കുരുവൻപ്ലാക്കൽ രാജീവ്, കണ്ടത്തിൽ അവിര എന്നിവരുടെ വീടുകൾ മണ്ണിടിച്ചിലിൽ വാസയോഗ്യമല്ലാതായി. മേലടുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേയ്ക്ക് രണ്ട് കുടുംബങ്ങളും മേസ്തിരിപടി മുസ്ലിം പള്ളി പാരിഷ് ഹാളിലേക്ക് 15 കുടുംബങ്ങളെയും മാറ്റി. ചാമപറ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പായ്ക്കാട്ട് വിജയന്റെ വീടിന്റെ സംക്ഷണഭിത്തിയിടിഞ്ഞു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കല്ലേകുളത്ത് മുതുകുളത്ത് ബാബുവിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.
Story Highlights: Landslides in five places moonnilavu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here