ലക്ഷ്യത്തിലെത്താൻ മൂന്ന് ദിവസം; സ്കേറ്റ്ബോർഡിൽ കശ്മീർ യാത്രക്കിറങ്ങിയ അനസ് ഹജാസ് വാഹനാപകടത്തിൽ മരിച്ചു

സ്കേറ്റിംഗ് താരം വെഞ്ഞാറമൂട് തേമ്പാംമൂട് സ്വദേശി അനസ് ഹജാസ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കന്യാകുമാരി മുതൽ കാശ്മീർ വരെ സ്കേറ്റ്ബോർഡിൽ യാത്ര ചെയ്യുക എന്ന ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായുള്ള യാത്രയിൽ ഹരിയാനയിൽ വച്ചാണ് അനസ് അപകടത്തിൽപ്പെട്ടത്.
പഞ്ചാബ് ഹരിയാന അതിർത്തിയിലുള്ള പച്ച്ഗുള ജില്ലയിലെ കൽക്കാ ഹോസ്പിറ്റലിലാണ് മൃതദ്ദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് രാവിലെ അനസിന്റെ ഫോണിലേയ്ക്ക് വിളിച്ച സുഹൃത്തിനാണ് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. അനസിൻ്റെ മരണം ട്രക്കിടിച്ചായിരുന്നു എന്ന് സൂചനയുണ്ട്.
2022 മെയ് 29ന് കന്യാകുമാരിയിൽ നിന്ന് അനസ് ഹിജാസ് ഒറ്റയ്ക്കായിരുന്നു യാത്ര ആരംഭിച്ചത്. മധുരൈ, ബെംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സ്ഥലങ്ങൾ പിന്നിട്ട് ഹരിയാനയിലെ ബഞ്ചാരിയിൽ എത്തിയെന്നും, 813 കിലോമീറ്റർ താണ്ടിയാൽ കാശ്മീരിലെത്തുമെന്നും അനസ് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ദുരന്ത വാർത്ത എത്തിയത്. സംഭവം അറിഞ്ഞയുടൻ എഎ റഹിം എംപിയുടെ ഇടപ്പെടൽ ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു. അനസിന്റെ സഹോദരനും മറ്റു രണ്ടു പേരും കൂടി വൈകുന്നേരത്തോടെ ആശുപത്രിയിലേയ്ക്ക് യാത്ര തിരിക്കും.
Story Highlights: skateboard kashmir anas hajas death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here