Advertisement

തൃശൂരിൽ ഒരു കോടിയുടെ ഹാഷിഷ് ഓയിൽ വേട്ട; 2 സ്ത്രീകളുൾപ്പെടെ 4 പേർ അറസ്റ്റിൽ

August 3, 2022
2 minutes Read
1 crore hashish oil hunt in Thrissur
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൃശൂരിൽ ഒരു കോടിയുടെ ഹാഷിഷ് ഓയിൽ വേട്ട. സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ നാലു പേർ അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത് ( 1 crore hashish oil hunt in Thrissur ).

ആന്ധ്രയിൽ നിന്നും തൃശൂരിലേക്ക് കഞ്ചാവ് എത്തിക്കുന്നു എന്ന് തൃശൂർ സിറ്റി കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തൃശൂർ വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനടയിൽ വെച്ച് ഇവരെ പിടികൂടി പരിശോധിച്ചതിൽ നിന്നും ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു. ഇതിൽ അഷ്റഫ് ആണ് പ്രധാന പ്രതി. ഇവർ ഇതിനുമുമ്പും നിരവധി തവണ ഹാഷിഷ് ഓയിലും, കഞ്ചാവും ആന്ധ്രയിൽ നിന്നും എത്തിച്ച്, ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും, എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും എത്തിച്ചു വിൽപ്പന നടത്തിയിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരാണ് ഇവരുടെ ഉപഭോക്താക്കൾ. ഇപ്പോൾ പിടികൂടിയിട്ടുള്ള ഹാഷിഷ് ഓയിലിന് ചില്ലറ വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും. 100 കിഗ്രാം കഞ്ചാവ് വാറ്റുമ്പോളാണ് 1 കിഗ്രാം ശുദ്ധമായ ഹാഷിഷ് ഓയിൽ ലഭിക്കുകയുള്ളൂ.

അഷ്റഫിന്റെ കൈവശം നിന്നും 8 കി.ഗ്രാം കഞ്ചാവ് പിടികൂടിയതിന് പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലും, 2 കിഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയതിന് ചാവക്കാട് പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യത്തിനിറങ്ങിയാണ് ഇപ്പോൾ വീണ്ടും ലഹരികടത്ത് ആരംഭിച്ചിട്ടുള്ളത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയിൽ വഴിമധ്യേ പൊലീസ് പരിശോധിക്കുമ്പോൾ സംശയം വരാതിരിക്കുവാനാണ് സ്ത്രീകളെ കൂടെ കൂട്ടുന്നത്.

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ലാൽകുമാർ, സബ് ഇൻസ്പെക്ടർമാരായ ഗീതു മോൾ, ദിവ്യ എന്നിവരും, ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവ്രത കുമാർ, പി.എം. റാഫി, കെ.ഗോപാലകൃഷ്ണൻ, പി. രാകേഷ്, സീനിയർ സിപിഒ മാരായ ജീവൻ, പളനിസ്വാമി, എം.എസ്. ലികേഷ്, വിപിൻദാസ്, സുജിത്, ആഷിഷ്, ശരത്, എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.

കഴിഞ്ഞ മാസവും തൃശൂരിൽ ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർ​ഗം എത്തിച്ച ഹാഷിഷ് ഓയിലുമായി ആറുപേരെയാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.

ചില്ലറ വിൽപ്പന മേഖലയിൽ ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. ഇപ്പോൾ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക്, കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ്, കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത്, അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ, തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ്, കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് എന്നിവരെ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് പിടികൂടുകയായിരുന്നു.

കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽ നിന്ന് ഹാഷിഷ് ഓയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫ്രൂട്ടി പാക്കറ്റുകൾ, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികൾ, ഫ്ലാസ്കുകൾ എന്നിവയിലാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ഹാഷിഷ് ഓയിലിന്റെ രൂക്ഷഗന്ധം മറയ്ക്കാൻ സുഗന്ധ തൈലം പുരട്ടുകയും ചെയ്തു.

Story Highlights: 1 crore hashish oil hunt in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement