തെരുവുനായ ശല്യം; സൈക്കിൾ സവാരി അവസാനിപ്പിക്കുന്നു എന്ന് ബിഷപ്പ് കൂറിലോസ്

തെരുവുനായ ശല്യം കാരണം സൈക്കിൾ സവാരി അവസാനിപ്പിക്കുന്നു എന്ന് ബിഷപ്പ് ഗീവർഗീസ് കൂറിലോസ്. സൈക്കിളിൽ വരുമ്പോൾ രണ്ട് തവണ തെരുവുനായയുടെ കടിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു എന്നും ഇനി റിസ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടിലെ ഈ തെരുവുനായ ശല്യം ഒരു പരിഷ്കൃത സമൂഹത്തിന് നാണക്കേട് തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: കണ്ണിൽ ഇടക്കിടെ ചൊറിച്ചിലുണ്ടോ?; എങ്കിൽ നിങ്ങളറിയേണ്ടത്
ബിഷപ്പ് ഗീവർഗീസ് കൂറിലോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
വർഷങ്ങളായി തുടരുന്ന സൈക്കിൾ സവാരി കഴിഞ്ഞദിവസം അവസാനിപ്പിക്കേണ്ടി വന്നു. പലരും ചോദിക്കുന്നുണ്ട് പിതാവിനെ ഇപ്പോൾ കുറച്ചു ദിവസമായിട്ട് സൈക്കിളിൽ കാണുന്നില്ലല്ലോ എന്ന്. സൈക്കിൾ മുക്ക് ജംഗ്ഷനിൽ നിന്ന് തേവേരി വരെ മിക്കവാറും എല്ലാദിവസവും സൈക്കിൾ ചവിട്ടുമായിരുന്നു. മൂന്നാഴ്ച മുമ്പ് ഒരു ദിവസം സൈക്കിൾ സവാരിക്ക് ഇടയിൽ കഷ്ടിച്ചാണ് ഒരു തെരുവു നായയുടെ കടിയിൽ നിന്ന് രക്ഷപ്പെട്ടത്. അതിനുമുമ്പും ഒരു പ്രാവശ്യം ദൈവകൃപ കൊണ്ട് രക്ഷപ്പെട്ടിരുന്നു. ഇനി റിസ്ക് എടുക്കേണ്ട എന്ന് തീരുമാനിച്ചു. തെരുവുനായ ശല്യം കൊണ്ട് നഷ്ടമായത് വ്യായാമം മാത്രമല്ല ശുദ്ധ വായുവും പോകുന്ന വഴിയിലെ സാധാരണ മനുഷ്യരുമായുള്ള കുശലം പറച്ചിലും ഒക്കെയാണ്. മുറിക്കുള്ളിലെ വ്യായാമമുറകൾ താല്പര്യമില്ലാത്തതുകൊണ്ട് വ്യായാമത്തിന് മറ്റു വഴികൾ തേടേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലെ ഈ തെരുവുനായ ശല്യം ഒരു പരിഷ്കൃത സമൂഹത്തിന് നാണക്കേട് തന്നെയാണ്. അധികാരികൾ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
Story Highlights: Geevarghese Coorilos stray dog facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here