നോർക്ക ഡയറക്ടേഴ്സ് സ്കോളർഷിപ്പ്: 350 പേർക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള 2021-22 ലെ തുകവിതരണം പൂര്‍ത്തിയായി. തെരഞ്ഞെടുത്ത 350 വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് കഴിഞ്ഞ അദ്ധ്യയനവര്‍ഷം വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും 20,000 രൂപയാണ് ലഭിക്കുക.
പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും, ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ എടുത്തവരില്‍ പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം യോഗ്യരായ 516 അപേക്ഷകരില്‍ നിന്നുമാണ് അര്‍ഹരായവരെ കണ്ടെത്തിയത്. പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സിനു പഠിക്കുന്ന 187 പേര്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സിനു പഠിക്കുന്ന 163 പേരും നോര്‍ക്ക ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.
പ്രവാസിമലയാളികളായ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍മാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതി. 2019 – 20 കാലഘട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ECR (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കുട്ടികള്‍ക്കും തിരികെയെത്തിയ പ്രവാസികളുടെ (വരുമാനം 2 ലക്ഷം രൂപ വരെ) കുട്ടികള്‍ക്കുമാണ് പദ്ധതിയുടെ അനൂകൂല്യം ലഭിച്ചത്.
ഈ പദ്ധതിക്കായി ഗവണ്‍മെന്റ് വിഹിതമായ 15 ലക്ഷം രൂപയും നോര്‍ക്കറൂട്ട്‌സ് ഡയറക്ടേഴ്‌സ് വിഹിതമായ 55 ലക്ഷം രൂപയും ചേര്‍ന്ന് ആകെ 70 ലക്ഷം രൂപയാണ് സ്‌കോളര്‍പ്പിനായി വിനിയോഗിച്ചത്. നോര്‍ക്കാ വൈസ് ചെയര്‍മാനും ഡയറക്ടറുമായ എം.എ യൂസഫലി, ഡയറക്ടര്‍മാരായ ഡോ ആസാദ് മൂപ്പന്‍, ഡോ രവി പിളള, ശ്രീ ജയകൃഷ്ണ മേനോന്‍, സി.വി റപ്പായി, ഒ.വി മുസ്തഫ എന്നിവര്‍ പദ്ധതിക്കായി തുക സംഭാവന ചെയ്തിരുന്നു.
Story Highlights: NORCA Directors Scholarship: Rs.70 lakh distributed to 350 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here