Advertisement

മൂന്നാം ടി20: വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

August 3, 2022
Google News 2 minutes Read

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ബാസെറ്ററിലെ വാർണർ ഗ്രൗണ്ടിൽ 7 വിക്കറ്റിന് വിൻഡീസിനെ പരാജയപ്പെടുത്തി. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജയത്തോടെ 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റിന് 164 റൺസെടുത്തു. ഓപ്പണർ കെയ്ൽ മെയേഴ്‌സ് അർധസെഞ്ചുറി(50 പന്തിൽ 73) നേടി. റോവ്മാൻ പവൽ 14 പന്തിൽ 23 റൺസ് നേടിയപ്പോൾ നിക്കോളാസ് പൂരൻ 22 റൺസുമായി പുറത്തായി. മറ്റാർക്കും കാര്യമായ സംഭാവന നല്കാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ രണ്ടും, ഹാർദിക് പാണ്ഡ്യ അർഷ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സാണ് സൂര്യകുമാർ കളിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഒപ്പം മികച്ച തുടക്കം ലഭിച്ചെങ്കിലും പേശീവലിവിനെ തുടർന്ന് രോഹിത് റിട്ടയർ ഹർട്ടായി. പേസർ അൽസാരി ജോസഫിനെ സിക്സർ പറത്തിയ രോഹിത്, ആരാധകർക്ക് ബാറ്റിംഗ് വിരുന്നൊരുക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ സിംഗിൾ എടുക്കുന്നതിനിടെ വേദന കൊണ്ട് പുളഞ്ഞ ഇന്ത്യൻ നായകൻ മൈതാനം വിട്ടു.

ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യർ സൂര്യകുമാറിനൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ശേഷം പുറത്തായി. ശ്രേയസ് 27 പന്തിൽ 24 റൺസ് നേടി. 44 പന്തിൽ 76 റൺസുമായി സൂര്യകുമാർ പുറത്തായപ്പോൾ ഋഷഭ് 26 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിൻഡീസിനായി അകേൽ ഹൊസൈൻ, ജേസൺ ഹോൾഡർ, ഡൊമിനിക് ഡ്രേക്സ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

Story Highlights: Suryakumar Yadav powers India to 2-1 series lead in West Indies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here