Advertisement

കൊല്ലത്ത് കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നാട്ടുകാര്‍

August 7, 2022
Google News 2 minutes Read

കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവില്‍ കല്ലടയാറ്റിലെ കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നാട്ടുകാര്‍. കുത്തൊഴുക്കില്‍പ്പെട്ട് കുറച്ചധികം മുന്നോട്ടുപോയ 65 വയസുകാരിയെ അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. വടവും കയറും ഉപയോഗിച്ച് ഒരു നിമിഷം പോലും പാഴാക്കാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ നാട്ടുകാര്‍ കുളത്തൂപ്പുഴ സ്വദേശി സതിയുടെ ജീവനാണ് രക്ഷിച്ചത്. (kollam natives saved old woman drowned in kalladayar)

ഉച്ചയോടെയാണ് സംഭവം നടന്നത്. ദീര്‍ഘകാലമായി ബാംഗ്ലൂരില്‍ താമസിച്ചുവന്നിരുന്ന സതി നാട്ടിലെത്തിയപ്പോള്‍ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഇവരുടെ തുണി ഒഴുക്കില്‍പ്പെട്ടപ്പോള്‍ ഇത് പിടിക്കാനായി മുന്നോട്ടാഞ്ഞപ്പോഴാണ് വയോധിക കുത്തൊഴുക്കില്‍പ്പെട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുന്‍പ് തന്നെ ഇവര്‍ 300 മീറ്ററോളം മുന്നോട്ടുപോയി.

Read Also: മഞ്ഞക്കോടിയും ഓണവും: പ്രതീക്ഷയിൽ നെയ്ത്തുകാരും കച്ചവടക്കാരും

സതിയുടെ കൂടെയുണ്ടായിരുന്ന സഹോദരി ഭയന്ന് ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് സംഭവസ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിക്കൂടുന്നത്. ആരോ അപകടത്തില്‍പ്പെട്ടെന്ന് മനസിലായ നാട്ടുകാര്‍ കാടുവഴി കയറി പെട്ടെന്ന് തീരത്തേക്ക് എത്താന്‍ ശ്രമിച്ചു. കാട്ടിലൂടെ വേഗത്തില്‍ വന്നതിനാല്‍ പലരുടേയും ശരീരം മുറിഞ്ഞു. എങ്കിലും ആര്‍ക്കോ തങ്ങളുടെ സഹായം ആവശ്യമുണ്ടെന്ന ബോധ്യത്തില്‍ ഇവര്‍ ഓടി സതിയുടെ സഹോദരിയുടെ അടുത്തെത്തി.

ഇതിനോടകം കമ്പില്‍ പിടിത്തം കിട്ടിയ വയോധികയെ നാട്ടുകാര്‍ കയറുപയോഗിച്ച് രക്ഷിക്കാനാണ് ശ്രമിച്ചത്. അതേസമയം അവിടെയുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരുടെ പക്കലുണ്ടായിരുന്ന കയര്‍ സംഘടിപ്പിച്ച് നാട്ടുകാര്‍ വയോധികയെ വലിച്ചെടുക്കുകയായിരുന്നു. നാട്ടുകാരായ ബിജു, ശംഭു, ശിവ, സുരേഷ് മുതലായവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇവരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

Story Highlights: kollam natives saved old woman drowned in kalladayar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here