നടത്തറ സഹകരണ സംഘം ഭൂമി ഇടപാട് കുരുക്കില്‍: ആരോപണം സിപിഐഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ

ഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സഹകരണ സംഘം. ആരോപണം കാര്‍ഷിക-കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍. 2.2ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി സംഘത്തിന് മറിച്ചുവിറ്റത് 45.26 ലക്ഷം രൂപയ്ക്ക്. ആരോപണമുയര്‍ന്നിരിക്കുന്നത് സംഘം മുന്‍ പ്രസിഡന്‍റും സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനുമെതിരെ.
സിപിഐഎം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ് ശ്രീകുമാർ. നടത്തറ കാർഷിക-കാർഷികേതര തൊഴിലാളി സഹകരണ സംഘത്തിൻറെ പ്രസിഡന്‍റായിരുന്നു ഇയാൾ. പ്രസിഡന്‍റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, അതായത് 2013 ജൂൺ 25ന് ശ്രീകുമാറും തൃശ്ശൂർ സ്വദേശികളായ സുനിത, സനീഷ്, ഷിബു, മുകേഷ് എന്നിവരും തമ്മിൽ ഒരു ഭൂമി ഇടപാട് നടന്നു.
ഈ നാലുപേരുടെയും ഉടമസ്ഥതയിലുള്ള സർവ്വേ നമ്പർ 612 പ്രകാരമുള്ള 3.5 സെൻറ് സ്ഥലവും കടമുറികളും ശ്രീകുമാറിന് ആധാരം ചെയ്തു നൽകി. പറമ്പിന് ഒരു ലക്ഷത്തി പതിനായിരവും കടമുറികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപയും ചേർത്ത് ആകെത്തുക രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ. 2014ൽ കാർഷിക-കാർഷികേതര തൊഴിലാളി സഹകരണ സംഘത്തിൻറെ അധ്യക്ഷസ്ഥാനത്തു നിന്ന് മാറി, ശ്രീകുമാർ മൂർഖനിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
2015 ഫെബ്രുവരി 7ന് താൻ നേരത്തെ പ്രസിഡന്‍റായിരുന്ന കാർഷിക-കാർഷികേതര തൊഴിലാളി സഹകരണ സംഘത്തിന് രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് വാങ്ങിയ ഭൂമിയും കെട്ടിടവും ശ്രീകുമാർ മറിച്ചു വിറ്റു. ഇതിനായി സഹകരണ സംഘത്തിൽ നിന്ന് വസൂലാക്കിയ തുക 45 ലക്ഷത്തി ഇരുപത്തിയാറായിരത്തി ഒരുനൂറ്റി എൺപത്തി ഒമ്പത് രൂപ. അതായത് വാങ്ങിയതിന്റെ 20 ഇരട്ടി തുകയ്ക്കാണ് ഭൂമി ഇടപാട് നടത്തിയത്.
ഇതുവഴി ശ്രീകുമാറിന്റെ ലാഭം 43 ലക്ഷത്തിലേറെ രൂപ. സഹകരണ സംഘത്തെ ഉപയോഗിച്ചുള്ള തീവെട്ടിയുടെ തുടർച്ചയാണ് ഈ ക്രമക്കേടും.
Story Highlights: nadathara Co-operative Society land scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here