ഇരുപത് വർഷത്തെ അധ്യാപക ജീവിതം, ഇപ്പോൾ ഓട്ടോഡ്രൈവർ; ഈ എഴുപത്തിനാലുകാരൻ കിടിലനാണ്…

ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന നിരവധി പേരുണ്ട്. ഓരോരുത്തർക്കും ഓരോ കഥകളാണ് പറയാനുള്ളത്. അതിൽ ചിലർ നമുക്ക് പ്രചോദനമാണ്. സോഷ്യൽ മീഡിയ നമുക്ക് മുന്നിലേക്ക് വെച്ച സാധ്യതയും ഇതുതന്നെയാണ്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ജീവിതത്തിൽ പേര് പോലും കേട്ടിട്ടില്ലാത്ത നിരവധി പേരുടെ ജീവിതം നമ്മൾ ഇതിലൂടെ അടുത്തറിയുന്നുണ്ട്. ബെംഗളൂരു സ്വദേശിയായ നികിത അയ്യർ എന്ന പെൺകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പതിവുപോലെ ജോലിയ്ക്ക് പോകുമ്പോഴാണ് ഒരു ഓട്ടോയ്ക്ക് മുന്നിൽ നികിത പെട്ടത്. വളരെ സ്പുടമായി ഇംഗ്ലീഷ് സംസാരിക്കുന്ന പ്രായമായ ഒരു മനുഷ്യനാണ് ഓട്ടോ ഡ്രൈവർ. തുടക്കത്തിലെ നികിത ഒന്ന് ഞെട്ടിയെങ്കിലും യാത്രയ്ക്കിടയിലെ അനുഭവങ്ങൾ നികിതയെ ഏറെ അതിശയിപ്പിച്ചു. വഴിമധ്യേയുള്ള യാത്രയിൽ അദ്ദേഹം ഒരു ഇംഗ്ലീഷ് ലെക്ച്ചറർ ആയിരുന്നു എന്നും ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഓട്ടോ ഡ്രൈവർ ആകുകയായിരുന്നു എന്നും ആ എഴുപത്തിനാലുകാരൻ നികിതയോടെ പങ്കുവെച്ചു. തന്റെ ലിങ്ക്ഡിൻ അക്കൗണ്ടിലൂടെയാണ് നികിത ഈ അനുഭവം പങ്കുവെച്ചത്.
ഓട്ടോ കാത്ത് നിൽക്കുമ്പോഴാണ് നികിതയുടെ മുന്നിലേക്ക് ഈ ഓട്ടോ എത്തുന്നത്. നഗരത്തിന്റെ മറ്റൊരു ഭാഗത്തോട്ട് പോകേണ്ടതുകൊണ്ടും പ്രായമായ ഓട്ടോ ഡ്രൈവർ ആയതുകൊണ്ടും ആദ്യമൊന്ന് സംശയിച്ചു. എന്നാൽ എവിടേക്കാണ് പോകേണ്ടതെന്നും ഇഷ്ടമുള്ള തുക തന്നാൽ മതിയെന്നുമുള്ള സൗമ്യമായ പെരുമാറ്റം ആ ഓട്ടോയിൽ യാത്ര ചെയ്യാൻ നികിതയെ പ്രേരിപ്പിച്ചു. മനോഹരമായ ഇംഗ്ലീഷ് സംസാരിക്കുന്നതു കേട്ടപ്പോൾ തോന്നിയ ആകാംഷയിലാണ് സംസാരിച്ചുതുടങ്ങിയത്. അപ്പോഴാണ് പട്ടാഭി രാമൻ എന്നാണ് പേര് എന്നും താൻ മുംബൈയിലെ ഒരു കോളേജിൽ ഇംഗ്ലീഷ് ലെക്ചർ ആയിരുന്നു എന്നും എംഎയും എംഎഡും പൂർത്തിയാക്കിയതാണെന്നും പറഞ്ഞത്. അധ്യാപന ജോലിയിൽ നിന്ന് വിരമിച്ചതോടെയാണ് ഓട്ടോ ഓടിക്കാൻ തീരുമാനിച്ചത്. ഇരുപത് വർഷത്തോളം അധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ പതിനാല് വർഷമായി ഓട്ടോ ഓടിക്കുന്നു. കർണാടകയിൽ ആയിരുന്നു താമസം. കോളേജിൽ നിന്ന് വിരമിച്ച് ജോലി കിട്ടാതായതോടെ മുംബൈയിലേക്ക് എത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Read Also : ഇതൊന്നും എല്ലാവർക്കും തമാശയല്ല, രോഗിയായ അമ്മയെ പരിഹസിച്ച സ്ത്രീയെ അടിച്ചു; വൈറലായൊരു കുറിപ്പ്
സ്വകാര്യ കോളേജിൽ അധ്യാപകർക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനവും പെൻഷൻ ലഭിക്കാത്തതും ഏറെ തിരിച്ചടിയായി. ഇപ്പോൾ ഓട്ടോ ഓടിക്കുന്നതിലൂടെ ദിവസവും എഴുനൂറു മുതൽ ആയിരത്തിഅഞ്ഞൂറു രൂപ വരെ ലഭിക്കുന്നുണ്ട്. തനിക്കും ഗേൾഫ്രണ്ടിനും അത് ധാരാളമാണെന്നും ഗേൾ ഫ്രണ്ട് ആരാണെന്ന് ചോദിച്ചപ്പോൾ ഭാര്യ ആണെന്നും ഭാര്യ എന്ന് വിളിക്കുമ്പോൾ അവൾ ഭർത്താവിന് അടിമയാണ് എന്ന തോന്നലാണ് ഉണ്ടാക്കുക എന്നും അവൾ എനിക്ക് ഒട്ടും താഴെയല്ല എന്നും അതുകൊണ്ട് ഗേൾ ഫ്രണ്ട് എന്നാണ് വിളിക്കാറ് എന്നും പട്ടാഭി പറഞ്ഞു. മുംബൈയിലെ ഒരു ഫ്ലാറ്റിലാണ് ഇരുവരും താമസിക്കുന്നത്. ഫ്ലാറ്റിന്റെ വാടക ഒഴികെ മറ്റൊന്നിനും മക്കളെ ആശ്രയിക്കാറില്ല എന്നും പട്ടാഭി പറഞ്ഞു.
ജീവിതത്തെ കുറിച്ച് ഒരു പരാതിയും ഇല്ലാത്ത ഇവരൊക്കെ നമുക്ക് ഒരു പ്രചോദനമാണ്. നമുക്ക് പഠിക്കാനും ഉൾകൊള്ളാനും നിരവധി പാഠങ്ങൾ ഇവർ ബാക്കിവെക്കുന്നുണ്ട്.
Story Highlights: Meet The Bengaluru Auto Driver Who Used To Be An English Lecturer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here