Advertisement

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിനെതിരെ നടപടിയെടുക്കണം; മനുഷ്യാവകാശ കമ്മീഷൻ

August 12, 2022
Google News 2 minutes Read

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിനെതിരെ നിയമാനുസരണം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സാമൂഹിക ക്ഷേമവകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും നിർദ്ദേശം നൽകി. ഇത്തരം സ്ഥാപനങ്ങളിൽ യഥാസമയം പരിശോധന നടത്തണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായും മതിയായ സൗകര്യങ്ങളില്ലാതെയും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വയോജനങ്ങളോടും ഭിന്നശേഷിക്കാരോടും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന വഞ്ചനകൾ അവസാനിപ്പിക്കാൻ ഫലപ്രദമായ മാർഗനിർദ്ദേശങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വയോജനങ്ങളെ പാർപ്പിക്കാൻ അംഗീകാരമുള്ള വയോജന സംരക്ഷണ കേന്ദ്രത്തിൽ സെറിബറൽ പാൾസി രോഗമുള്ള 35 കാരനെ പാർപ്പിച്ച് മതിയായ ഭക്ഷണമോ ചികിത്സയോ നൽകാതെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. രോഗിയുടെ സഹോദരനിൽ നിന്നും 50,000 രൂപ അഡ്വാൻസും 20,000 രൂപ വീതം മാസഫീസും വാങ്ങിയതായും പരാതിയിൽ പറയുന്നു.

ആരോഗ്യവാനായിരുന്ന രോഗിയെ പട്ടിണിക്കിട്ട് ചികിത്സ നിഷേധിച്ചെന്നും പരാതിയിലുണ്ട്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത രോഗിക്ക് വസ്ത്രം പോലും നിഷേധിച്ചതായി ആനയറ സ്വദേശിയുടെ പരാതിയിൽ പറയുന്നു. കമ്മീഷൻ ജില്ലാ സാമൂഹ്യനീതി ഓഫീസറിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിന് വയോജനങ്ങളെ സംരക്ഷിക്കാൻ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുണ്ട്. എന്നാൽ അംഗീകാരത്തിന് വിരുദ്ധമായി 60 വയസ്സ് പൂർത്തിയാകാത്ത 10 പേരെ താമസിപ്പിച്ചിട്ടുണ്ട്. മൂന്ന് സ്ഥാപനങ്ങൾ കൂടി ഇവർ നടത്തുന്നുണ്ട്. 10,000 മുതൽ 45,000 രൂപ വരെ ഫീസായി ഈടാക്കുന്നുണ്ട്. വിടുതൽ സമയത്ത് അഡ്വാൻസ് തുക തിരികെ നൽകാറില്ലെന്നും പരാതിയിൽ പറയുന്നു.

സാമ്പത്തിക ലാഭം മാത്രം കണ്ടാണ് പരാതിക്കാരന്റെ സഹോദരനെ സ്ഥാപനം പാർപ്പിച്ചതെന്നും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കേണ്ടതാണെന്നും ശ്രീകാര്യം പൊലീസ് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി വിശദീകരണത്തിൽ പറയുന്നു. എന്നാൽ പരാതിക്കാരന്റെ സഹോദരനുള്ളത് ആരോഗ്യം ക്ഷയിക്കുന്ന രോഗമാണെന്നും ഇതിന് ഫലപ്രദമായ മരുന്ന് ലഭ്യമല്ലെന്നും ഇതെല്ലാം പരാതിക്കാരൻ സമ്മതിച്ചതാണെന്നും കൃപാലയം അധികൃതർ കമ്മീഷനെ അറിയിച്ചു. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സെറിബറൽ പാൾസി രോഗം ബാധിച്ചവരെയും പരിചരിക്കാനുള്ള പ്രത്യേക പരിശീലനം ലഭിച്ചവർ സ്ഥാപനത്തിൽ വേണമെന്ന നിയമം എതിർ കക്ഷി ലംഘിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Story Highlights: Action should be taken against care centers operating illegally; HRC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here