‘സർക്കാർ ദേശീയപാത വികസനം ത്വരിതമായി നടപ്പാക്കുന്നു’; മന്ത്രി ആയിരുന്നപ്പോൾ ദേശീയപാതാ വികസനത്തിനായി വീട് വിട്ടുകൊടുത്തിൽ അഭിമാനമുണ്ടെന്ന് ജി സുധാകരൻ

മന്ത്രി ആയിരുന്നപ്പോൾ ദേശീയപാതാ വികസനത്തിനായി സ്വന്തം വീട് വിട്ടുകൊടുത്തത്, വികസനത്തിനായുള്ള സ്ഥലമെടുപ്പിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത കൂട്ടിയെന്ന് മുൻ മന്ത്രി ജി സുധാകരൻ. അന്നത്തെ വകുപ്പ് മന്ത്രി എന്ന നിലയിൽ എന്റെ വീട് ഒഴിവാക്കപ്പെടുന്നത് അധാർമ്മികമായിട്ടാണ് തോന്നിയത്. പിന്നീട് പത്നിയോടും മക്കളോടും ധർമ്മപ്രശ്നം സംസാരിച്ചപ്പോൾ, അവർ വീട് വിട്ടുകൊടുക്കണം എന്ന് തന്നെ പറഞ്ഞതിൽ അഭിമാനമുണ്ട്.(g sudhakaran about state government national highway)
ഒന്നാം പിണറായി സർക്കാർ അധികാരം ഒഴിയുമ്പോൾ തന്നെ സ്ഥലമെടുപ്പിന്റെ ഏകദേശം പൂർണ്ണമായി കഴിഞ്ഞിരുന്നു. ചിലയിടങ്ങളിൽ റോഡിന്റെ പണി തുടങ്ങുകയും ചെയ്തിരുന്നു. തുടർഭരണത്തിൽ നമ്മുടെ സർക്കാർ ദേശീയപാത വികസനം ത്വരിതമായി നടപ്പാക്കുന്നുണ്ട്. ഞങ്ങളുടെ വീട് അതിന്റെ സാക്ഷിയായി നിൽക്കുന്നത് കാണുമ്പോൾ ഈ വികസനത്തിൽ ഒരു എളിയ പങ്ക് വ്യക്തിപരമായിട്ടുകൂടി വഹിക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
റോഡിൻറെ രണ്ടു വശങ്ങളിലുമായി, കിഴക്കും പടിഞ്ഞാറുമായി തുല്യമായിട്ടാണ് 7.5 മീറ്റർ വെച്ച് സ്ഥലം ഞങ്ങളുടെ വീട് നിൽക്കുന്ന സ്ട്രെച്ചിൽ പുനർരൂപരേഖ തയ്യാറാക്കിയത്. വീട് നിലവിലുള്ള റോഡിൻ്റെ തൊട്ടടുത്തായിരുന്നതിനാൽ വീടിന്റെ സിംഹഭാഗവും അങ്ങനെ പുതിയ ദേശീയപാതക്കായുള്ള സ്ഥലത്തിൽ വന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്ഥലമെടുപ്പിന്റെ ഭാഗമായി വീടിന്റെ പുതുതായി വരാൻ പോകുന്ന റോഡിൽ നിൽക്കുന്ന ഭാഗം പൊളിച്ചു നീക്കി. വീടിന്റെ പുറകുവശത്തു 25% താഴെയേ അവശേഷിക്കുന്നുള്ളുവെന്നും അദ്ദേഹം കുറിച്ചു.
ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം:
ദേശീയപാതാ വികസനം 2014ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു രൂപരേഖ തയ്യാറായിട്ടും പണി തുടങ്ങാനാവാത്ത സാഹചര്യത്തിൽ ആയിരുന്നു. 2016 മെയ് മാസം സഖാവ് പിണറായി വിജയൻറെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ നമ്മുടെ മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളികളിൽ ഒന്ന് 50 വർഷമായി എവിടെയും എത്താതെ നിന്ന ദേശീയപാതാ വികസനം ആണ്. വികസനത്തിനാവശ്യമുള്ള സ്ഥലമേറ്റെടുപ്പായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
കേന്ദ്രവുമായുള്ള സമവായചർച്ചകളിൽ രാജ്യത്തെ ഒരു സംസ്ഥാനസർക്കാരുകളും ചെയ്യാത്തത് പോലെ നമ്മുടെ സംസ്ഥാനസർക്കാർ സ്ഥലമെടുപ്പിനുള്ള പണത്തിന്റെ 25% തുക കേന്ദ്രത്തോടൊപ്പം ചെലവഴിക്കാമെന്ന് ഉറപ്പ് കൊടുത്താണ് ഈ പദ്ധതിക്ക് വീണ്ടും ജീവൻ കൊടുത്തത്. ഈ കാര്യത്തിൽ മുന്നിൽ നിന്ന മുഖ്യമന്ത്രിക്കു പിന്നിൽ പൊതുമരാമത്തു മന്ത്രിയായിരുന്ന ഞാനും ഉണ്ടായിരുന്നു.
വീണ്ടും ധാരാളം കടമ്പകൾ മുന്നിൽ. ജനങ്ങൾ ചിലയിടങ്ങളിൽ ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുക്കാൻ വിമുഖത കാട്ടി. റോഡ് ഉപരോധങ്ങളും റോഡിൽ ടയർ കത്തിച്ചും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയും
പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായി. സ്ഥലമെടുത്താൽ നഷ്ട്ടപരിഹാരം ലഭിക്കുമോ, അതിൽ തന്നെ കാലതാമസം ഉണ്ടാവുമോ എന്നൊക്കെ ആശങ്കപ്പെട്ടവർ ഉണ്ടായിരുന്നു, അത് സ്വാഭാവികവുമാണ്. ജനങ്ങളുമായി സംവേദിച്ചും പ്രതിപക്ഷമുൾപ്പടെ സർവകക്ഷി സമ്മേളനം വിളിച്ചുമൊക്കെയാണ് അവരെയൊക്കെ പൂർണ്ണമായി വിശ്വാസത്തിൽ എടുത്ത് ഈ പദ്ധതിയോടുള്ള ആശങ്കകൾ നമ്മൾ നീക്കിയത്.
ദേശീയപാതാ വികസനത്തിന്റെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന രൂപരേഖയിൽ ആലപ്പുഴയിലെ കളർകോട് മുതൽ പറവൂർ വരെ ഉള്ള ഭാഗത്താണ് കുടുംബവും ഞാനും താമസിക്കുന്ന തൂക്കുകുളത്തെ നവനീതമെന്ന വീട്. സഹധർമ്മിണിയായ ഡോക്റ്റർ ജൂബിലി നവപ്രഭ അവരുടെ കുടുംബ ഭാഗമായി കിട്ടിയ സ്ഥലത്തു കോളേജ് അധ്യാപക ഉദ്യോഗത്തിൽ നിന്നുള്ള ശമ്പളം മിച്ചം പിടിച്ചും ബാങ്ക് വായ്പ്പയുമൊക്കെയെടുത്തു 1987ൽ നിർമ്മിച്ച രണ്ടു മുറി വീട് കാലാന്തരം അൽപ്പാൽപ്പമായി അവർ തന്നെ മെച്ചപ്പെടുത്തി എടുത്തതാണ്.
പുതിയ വീടുണ്ടാക്കാനുള്ള ധനമില്ലാത്തതിനാൽ മറ്റെവിടെന്നോ പൊളിച്ച ഒരു വീടിന്റെ ഭാഗങ്ങൾ വിലയ്ക്ക് വാങ്ങി ആണ് ആ രണ്ടുമുറി വീട് അന്ന് 87ൽ ഉണ്ടാക്കിയത്. എനിക്ക് സാമ്പത്തികമായി അതിൽ അധികമൊന്നും ചെയ്യാനായിട്ടില്ല എന്നതാണ് സത്യം. പിന്നീട് ജനപ്രതിനിധി ആയപ്പോൾ ജനങ്ങൾക്കായുള്ള ഓഫിസ് ആയും ഈ വീട് പ്രവർത്തിച്ചു വരികയായിരുന്നു. 13000ത്തോളം പുസ്തകങ്ങളുണ്ടായിരുന്ന ഞങ്ങളുടെ ലൈബ്രറിയും ഈ വീടിന്റെ മുകൾനിലയിൽ ആയിരുന്നു.
ആദ്യമുണ്ടായിരുന്ന ദേശീയപാതാ വികസന രൂപരേഖ പ്രകാരം ഞങ്ങളുടെ വീടിരിക്കുന്ന റോഡിന്റെ കിഴക്കു ഭാഗത്തെ ഒഴിവാക്കി പടിഞ്ഞാറുവഴിയാണ് സ്ഥലമേറ്റെടുപ്പ് കാണിച്ചിരിക്കുന്നത്. രൂപരേഖ മുൻ യൂഡിഎഫ് സർക്കാരിന്റെ പൊതുമരാമത്തു വകുപ്പാണ് തയ്യാറാക്കിയതെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഈ പദ്ധതിയെ ആർജിതവേഗത്തോടെ ആർജ്ജവത്തോടെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ അന്നത്തെ വകുപ്പ് മന്ത്രി എന്ന നിലയിൽ എന്റെ വീട് ഒഴിവാക്കപ്പെടുന്നത് അധാർമ്മികമായിട്ടാണ് എനിക്ക് തോന്നിയത്. പത്നിയോടും മക്കളോടും ഈ ധർമ്മപ്രശ്നം സംസാരിച്ചപ്പോൾ, അവർ വീട് വിട്ടുകൊടുക്കണം എന്ന് തന്നെ പറഞ്ഞതിൽ അഭിമാനമുണ്ട്.
അങ്ങനെ എന്റെ നിർദ്ദേശപ്രകാരം റോഡിൻറെ രണ്ടു വശങ്ങളിലുമായി, കിഴക്കും പടിഞ്ഞാറുമായി തുല്യമായിട്ടാണ് 7.5 മീറ്റർ വെച്ച് സ്ഥലം ഞങ്ങളുടെ വീട് നിൽക്കുന്ന സ്ട്രെച്ചിൽ പുനർരൂപരേഖ തയ്യാറാക്കിയത്. വീട് നിലവിലുള്ള റോഡിൻ്റെ തൊട്ടടുത്തായിരുന്നതിനാൽ വീടിന്റെ സിംഹഭാഗവും അങ്ങനെ പുതിയ ദേശീയപാതക്കായുള്ള സ്ഥലത്തിൽ വന്നു. വകുപ്പ് മന്ത്രി തന്നെ സ്വന്തം വീട് വിട്ടുകൊടുത്തത് പൊതുസമൂഹത്തിൽ ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമെടുപ്പിൽ വിശ്വാസ്യത കൂട്ടുകയും ചെയ്തു എന്നത് പിന്നീട് ജനങ്ങളുമായി സംസാരിച്ചതിൽ നിന്നും മനസിലായി.
കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്ഥലമെടുപ്പിന്റെ ഭാഗമായി വീടിന്റെ പുതുതായി വരാൻ പോകുന്ന റോഡിൽ നിൽക്കുന്ന ഭാഗം പൊളിച്ചു നീക്കി. വീടിന്റെ പുറകുവശത്തു 25% താഴെയേ അവശേഷിക്കുന്നുള്ളു.
ഒന്നാം പിണറായി സർക്കാർ അധികാരം ഒഴിയുമ്പോൾ തന്നെ സ്ഥലമെടുപ്പിന്റെ ഏകദേശം പൂർണ്ണമായി കഴിഞ്ഞിരുന്നു. ചിലയിടങ്ങളിൽ റോഡിന്റെ പണി തുടങ്ങുകയും ചെയ്തിരുന്നു. തുടർഭരണത്തിൽ നമ്മുടെ സർക്കാർ ദേശീയപാത വികസനം ത്വരിതമായി നടപ്പാക്കുന്നുണ്ട്.
ഞങ്ങളുടെ വീട് അതിന്റെ സാക്ഷിയായി നിൽക്കുന്നത് കാണുമ്പോൾ ഈ വികസനത്തിൽ ഒരു എളിയ പങ്ക് വ്യക്തിപരമായിട്ടുകൂടി വഹിക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ട്.
Story Highlights: g sudhakaran about state government national highway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here