കൊച്ചിയിൽ വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാറൊഴിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി ചെലവന്നൂരിൽ വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിൽ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവത്തിൽ 8 പേരെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചതെന്നാണ് സൂചന. ഇയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു. കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് പരുക്കേറ്റവരുടെ പരാതി. (kochi tar attack arrest)
അതേ സമയം വാഹനയാത്രക്കാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപണ വിധേയർ പൊലീസിനോട് പറഞ്ഞു. വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ കൃഷ്ണപ്പൻ്റെ കൈയിലുണ്ടായിരുന്ന ടാർ യാത്രക്കാരുടെ ദേഹത്ത് വീഴുകയായിരുന്നുവെന്നും അത് മനപൂർവമല്ലെന്നും പ്രതികൾ പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു.
Read Also: എറണാകുളത്ത് വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാര്‍
ടാറിങ്ങിനായി ഗതാഗതം നിയന്ത്രിച്ചതിനെ ചൊല്ലിയുള്ള തർക്കതിനിടെയാണ് സംഘർഷം ഉണ്ടായത്. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾക്കാണ് ഗുരുതര പൊള്ളലേറ്റത്. ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
ടാർ ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മുന്നറിയിപ്പ് ബോർഡുകൾ വച്ചില്ല എന്ന് യാത്രക്കാർ ചോദ്യം ചെയ്‌തു. തുടർന്നാണ് തർക്കം ഉണ്ടായത്. ടാർ ഒഴിച്ചത് തമിഴ്നാട് സ്വദേശിയെന്നാണ് പൊള്ളലേറ്റ യാത്രക്കാർ പറഞ്ഞത്. തർക്കം ഉണ്ടായിരുന്ന സമയത്ത് മലയാളികൾ ഉണ്ടായിരുന്നു. സംഭവം ഗുരുതരമായതിനെ തുടർന്ന് ടാർ ഒഴിച്ച തൊഴിലാളികൾ ഓടി മറയുകയായിരുന്നു.
വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് ടാർ ഒഴിച്ചത്. മുന്നറിയിപ്പ് ബോർഡ് വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരന്‍ ടാർ ഒഴിച്ചതെന്ന് യുവാക്കള്‍ പറയുന്നു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: kochi tar attack arrest today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here